പയ്യന്നൂര്‍: വാനനിരീക്ഷകര്‍ക്ക് കൗതുകംപകര്‍ന്ന് മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ ഗ്രഹങ്ങള്‍ ആകാശത്ത് വിസ്മയക്കാഴ്ചയൊരുക്കും. വരുംദിവസങ്ങളില്‍ ബുധന്‍, ശുക്രന്, ചൊവ്വ, വ്യാഴം, ശനി എന്നീ ഗ്രഹങ്ങളെ നഗ്നനേത്രംകൊണ്ട് കാണാം. 19 മുതല്‍ മേയ് അവസാനംവരെ ആകാശത്ത് ഇവ തെളിഞ്ഞുനില്ക്കും. അവധി നേരത്തേയെത്തിയതിനാല്‍ കുട്ടികള്‍ക്കും ഇത് നല്ല അവസരമാണ്.
സന്ധ്യയ്ക്ക് ആകാശത്തിന്റെ പടിഞ്ഞാറുവശത്ത് പരമാവധി 48 ഡിഗ്രി ഉയരത്തിലാണ് ശുക്രനെ കാണുക. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ശുക്രന്റെ ഉയരം കുറഞ്ഞുവരും. മേയ് അവസാനത്തോടെ ദൃഷ്ടിപഥത്തില്‍നിന്ന് മറയും. പിന്നീട് കിഴക്കന്‍ ചക്രവാളത്തിലായിരിക്കും ശുക്രന് കാണപ്പെടുക. മാര്‍ച്ച് 28-നും ഏപ്രില്‍ 26-നും ഇടയില്‍ ചന്ദ്രനെയും ശുക്രനെയും ഒന്നിച്ചും കാണാം.
ബുധന്‍, ചൊവ്വ, വ്യാഴം, ശനി എന്നീ ഗ്രഹങ്ങളെ കിഴക്ക്, തെക്ക് ഭാഗത്തായി പുലര്‍ച്ചെ നാലുമുതല്‍ സൂര്യോദയംവരെ നഗ്നനേത്രംകൊണ്ട് നിരീക്ഷിക്കാന്‍ സാധിക്കും. 19 മുതല്‍ ചൊവ്വ, വ്യാഴം, ശനി എന്നീ ഗ്രഹങ്ങള്‍ വളരെ അടുത്തടുത്തായി നില്‍ക്കുന്നത് കാണാം. ചൊവ്വ ഏറ്റവും മുകളിലും വ്യാഴം മധ്യത്തിലും ശനി ഏറ്റവും താഴെയുമാകും.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചെറിയ സ്ഥാനവ്യത്യാസത്തോടെ മേയ് വരെ ഈ ഗ്രഹങ്ങള്‍ രാവിലെ ആകാശത്തിന്റെ കിഴക്കുഭാഗത്തു കാണാം. ഏറ്റവും ചെറിയഗ്രഹമായ ബുധനെ കണ്ടുപിടിക്കുക ദുഷ്കരമാണെങ്കിലും ഈ ഗ്രഹത്രയങ്ങള്‍ക്ക് താഴെയായി 21-നും 22-നും ചന്ദ്രനോടൊപ്പം ബുധനും വ്യക്തമാകും. അവധിക്കാലത്ത് ആകാശത്തെ അദ്ഭുതക്കാഴ്ചകള്‍ കാണാന്‍ പയ്യന്നൂര്‍ വാനനിരീക്ഷണകേന്ദ്രത്തില്‍ അവസരമൊരുക്കുമെന്ന് ഡയറക്ടര്‍ ഗംഗാധരന് വെള്ളൂര്‍ പറഞ്ഞു. ഫോണ്‍: 9446680876
പ്രതികരിക്കാൻ ഇവിടെ എഴുതുക