നടൻ മോഹൻലാലിനെതിരെ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു എന്ന വാർത്ത വ്യാജം. കൊറോണ വെെറസുമായി ബന്ധപ്പെട്ട് അശാസ്ത്രീയ സത്യങ്ങൾ പ്രചരിപ്പിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ മോഹൻലാലിനെതിരെ കേസ് രജിസ്റ്റർ ചെയ്തതെന്നായിരുന്നു വാർത്ത.
ഇക്കാര്യത്തിൽ മനുഷ്യാവകാശ കമ്മിഷൻ പി.ആർ.ഒ വിശദീകരണവുമായി രംഗത്തെത്തിയത്. മോഹൻലാലിനെതിരെ പ്രസ്തുത പരാതി കമ്മിഷൻ കാണുകയോ ഉത്തരവ് പാസാക്കുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
“ചില ഓൺലൈൻ മാദ്ധ്യമങ്ങൾ നടൻ മോഹൻലാലിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തതായി ഒരു വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം മോഹൻലാലിന്റെ കൊറോണ വൈറസ് സംബന്ധിച്ച പ്രസ്താവനക്കെതിരെ ഒരു പരാതി ഓൺലൈനിൽ ലഭിച്ചിരുന്നു. സ്വാഭാവിക നടപടി ക്രമം എന്ന നിലയിൽ പരാതിക്ക് നമ്പറിട്ടു. എന്നാൽ പ്രസ്തുത പരാതി കമ്മിഷൻ കാണുകയോ ഉത്തരവ് പാസാക്കുകയോ ചെയ്തിട്ടില്ല. ഇക്കാര്യം ദയവായി ശ്രദ്ധിക്കുമല്ലോ”- പി.ആർ.ഒ വ്യക്തമാക്കി.
ദിനു എന്ന യുവാവാണ് പരാതി നൽകിയത്. കേസ് രജിസ്റ്റർ ചെയ്ത വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇയാൾ തന്നെയാണ് പുറത്തുവിട്ടിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക