ലോക്ക് ഡൗണിനിടയിൽ ജനപ്രിയ പരമ്പരകളായ രാമായണവും മഹാഭാരതവുമൊക്കെ തിരിച്ചുവരികയാണ്. ഒരുകാലത്ത് ടെലിവിഷൻ പ്രേക്ഷകരുടെ ഹരമായിരുന്ന ശക്തിമാൻ തിരിച്ചെത്തുമോ എന്ന് ഉറ്റുനോക്കുകയാണ് ഇപ്പോൾ ആരാധകർ.
രാമായണവും മഹാഭാരതവും മാത്രമല്ല, ശക്തിമാനെയും വേണമെന്ന ആവശ്യവുമായി സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചകൾ സജീവമാണ്. ശക്തിമാൻ സീരിയൽ പുനഃസംപ്രേഷണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി കമന്റുകളാണ് സമൂഹ മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.
ശക്തിമാൻ ഹാഷ് ടാഗിൽ നിരവധി പേരാണ് ട്വീറ്റ് ചെയ്തുകൊണ്ടിരിക്കുന്നത്. ‘ഇക്കാലത്തെ കുട്ടികളും കാണട്ടെ ഞങ്ങളുടെ കുട്ടിക്കാല ഹീറോയെ, ശക്തമാനെ ഞങ്ങൾ മിസ്സ് ചെയ്യുന്നു’ തുടങ്ങി നിരവധി കമന്റുകളാണ് ട്വിറ്ററിൽ പ്രത്യക്ഷപ്പെടുന്നത്.
ശക്തിമാനെ കൂടാതെ, മുൻകാലങ്ങളിൽ സംപ്രേഷണം ചെയ്തിരുന്ന മറ്റു പല സീരിയലുകളും തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യവും സമൂഹമാദ്ധ്യമങ്ങളിൽ ശക്തമാണ്.
രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ജനങ്ങൾ പുറത്തിറങ്ങരുതെന്ന കർശന നിർദ്ദേശമാണ് സർക്കാരുകൾ നൽകിയിരിക്കുന്നത്. ഇതിനിടെയാണ് ദൂരദർശനിൽ മുൻപ് സംപ്രേഷണം ചെയ്തിരുന്ന രാമായണവും മഹാഭാരതവും പുനഃസംപ്രേഷണം ചെയ്യാനുള്ള ആവശ്യം ഉയർന്നത്.
ജനങ്ങളുടെ ആവശ്യം കേന്ദ്ര മന്ത്രാലയം പരിഗണിക്കുകയും ഈ സീരിയലുകൾ വീണ്ടും പുന:സംപ്രേഷണം ചെയ്യാൻ തീരുമാനിച്ച വിവരം കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തിരുന്നു.
ഏതായാലും ഒരു കാലത്ത് പ്രേക്ഷകരെ പ്രത്യേകിച്ചും കുട്ടികളെ ആവേശം കൊള്ളിച്ച ശക്തിമാൻ വീണ്ടും തിരിച്ചുവരുമോ എന്ന് കാത്തിരുന്നു കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക