ഉപയോക്താക്കള്‍ക്കായി നിരന്തരം പുതിയ സൗകര്യങ്ങള്‍ അവതരിപ്പിക്കാറുണ്ട് വാട്സാപ്പ്. ഇപ്പോഴിതാ രണ്ട് കിടിലന്‍ ഫീച്ചറുകള്‍ വാട്സാപ്പിന്റെ അണിയറയില്‍ ഒരുങ്ങുകയാണ്. ഏറ്റവും പുതിയ വാട്സാപ്പിന്റെ 2.20.110 ബീറ്റാ പതിപ്പില്‍ നിരവധി പുതിയ ഫീച്ചറുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എക്സ്പൈയറിംഗ് മെസേജ്, മള്‍ട്ടിപ്പിള്‍ ഡിവൈസ് സപ്പോര്‍ട്ട് എന്നിവ അതില്‍ പ്രധാനപ്പെട്ടവയാണ്.
ഏറെനാളുകളായി ഈ രണ്ട് ഫീച്ചറുകള്‍ വാട്സാപ്പ് പരീക്ഷിക്കുന്നുണ്ട്. രണ്ടും അവസാനഘട്ട മിനുക്കുപണികളിലാണത്രെ. അതായത് അധികം വൈകാതെ തന്നെ അവ ലഭ്യമാവും. എങ്കിലും ഈ ഫീച്ചറുകളെ കുറിച്ച് വാട്സാപ്പ് ഔദ്യോഗികമായ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടില്ല.
ഓരോ സന്ദേശങ്ങള്‍ക്കും സമയപരിധി നിശ്ചയിക്കാനാവുന്ന ഫീച്ചറാണ് എക്സ്പയരിങ് മെസേജ്. അതായത് സന്ദേശം അയച്ച ആളുടെ ചാറ്റ് വിന്‍ഡോയില്‍ നിന്നും അത് ലഭിച്ച ആളുടെ ചാറ്റ് വിന്‍ഡോയില്‍ നിന്നും സന്ദേശം ഓട്ടോമാറ്റിക് ആയി നീക്കം ചെയ്യപ്പെടും. നേരത്തെ ഡിസപ്പിയറിങ് മെസേജസ് എന്നായിരുന്നു ഈ സംവിധാനത്തെ വാട്സാപ്പ് വിളിച്ചിരുന്നത്.
നിലവില്‍ നമ്മള് ഉപയോഗിക്കുന്ന ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചറില്നിന്നു വ്യത്യസ്തമാണ് എക്സ്പയരിങ് മെസേജ്. ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഉപയോഗിക്കുമ്ബോള്‍ അയക്കുന്ന ആള് തന്നെ സന്ദേശം നീക്കം ചെയ്യണം. എന്നാല്‍ എക്സ്പയരിങ് മെസേജ് ഫീച്ചറില്‍ മുന്‍കൂട്ടി നിശ്ചയിച്ച സമയപരിധി കഴിഞ്ഞാല്‍ ആ സന്ദേശം അപ്രത്യക്ഷമാവും.
മാത്രവുമല്ല ഡിലീറ്റ് ഫോര്‍ എവരിവണ്‍ ചെയ്യുമ്ബോള്‍ ചാറ്റ് വിന്‍ഡോയില്‍ നീക്കം ചെയ്ത സന്ദേശത്തിന്റ സ്ഥാനത്ത് ‘ ദിസ് മെസേജ് ഹാസ് ബീന്‍ ഡിലീറ്റഡ്’ എന്ന സന്ദേശം ബാക്കിയുണ്ടാവും. എന്നാല്‍ എക്സ്പയരിങ് മെസേജ് ഉപയോഗിക്കുമ്ബോള്‍ അത്തരം ഒരു സന്ദേശം കാണിക്കില്ല. എക്സ്പയരിങ് മെസേജ് ഫീച്ചര്‍ ആക്റ്റിവേറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങളുടെ പ്രൊഫൈല്‍ പിക്ചറില്‍ അതിന്റെ ഒരു അടയാളം കണിക്കും.
‘മള്‍ട്ടിപ്പിള്‍ ഡിവൈസ് സപ്പോര്‍ട്ട് ‘ ആണ് അടുത്ത ഫീച്ചര്‍. പേര് സൂചിപ്പിക്കും പോലെ, ഉപയോക്താക്കളുടെ ഒരേ അക്കൗണ്ട് ഒന്നിലധികം ഉപകരണങ്ങളില്‍ ഒരേ സമയം ഉപയോഗിക്കാന്‍ സാധിക്കുന്ന സംവിധാനമാണിത്. അതായത് ഒന്നിലധികം ഉപകരണങ്ങളിലെ വാട്സാപ്പ് വെബില്‍ ഒരേ അക്കൗണ്ട് തന്നെ ഉപയോഗിക്കാന്‍ സാധിക്കും. എങ്കിലും ഫോണില്‍ ഇന്റര്‍നെറ്റ് കണക്ഷന് ഉണ്ടെങ്കില്‍ മാത്രമേ അത് ഉപയോഗിക്കാന്‍ സാധിക്കു.
പ്രതികരിക്കാൻ ഇവിടെ എഴുതുക