ഡ്രോണിലൂടെ പോലീസ് നോക്കിയപ്പോള്‍ വീട്ടുമുറ്റത്ത് ചെറിയൊരു ആള്‍ക്കൂട്ടം. ജീപ്പില്‍ പിടിപ്പിച്ച സ്ക്രീനിലെ ദൃശ്യത്തില്‍ കണ്ട സ്ഥലത്തേക്ക് അവര്‍ പാഞ്ഞു. ചെന്നപ്പോള്‍ വീട്ടില്‍ നടക്കുന്നത് ഒരു പെണ്ണുകാണല്‍ ചടങ്ങ്. അമ്ബലപ്പുഴയ്ക്കടുത്തുള്ള തീരദേശമേഖലയിലായിരുന്നു ഇത്. അടുത്തബന്ധുക്കളും അയല്‍ക്കാരുമായി വളരെക്കുറച്ചുപേര്‍. പോലീസ് ഇവരെ സാമൂഹിക അകലം പാലിക്കേണ്ടതിന്റെ പ്രാധാന്യം പറഞ്ഞുമനസ്സിലാക്കി മടങ്ങി.
കൊറോണ പ്രതിരോധനടപടികളുടെ ഭാഗമായി തീരദേശമേഖലയില്‍ നിരീക്ഷണത്തിനായി ഡ്രോണ്‍ പറന്നപ്പോള്‍ ആളുകള്‍ക്കത് കൗതുകക്കാഴ്ചയായി. ഓടിക്കൂടിയ ചെറുപ്പക്കാര്‍ പിന്നാലെ പോലീസ് ജീപ്പ് വരുന്നതുകണ്ട് ഇടവഴികളിലൂടെ ഓടിമറഞ്ഞു. ഡ്രോണ്‍ കണ്ടെത്തിയ ആള്‍ക്കൂട്ടം പലയിടത്തും റേഷന്‍ കടകള്‍ക്ക് മുന്പിലായിരുന്നു. ഇവിടെയെത്തിയ പോലീസ് സാമൂഹിക അകലം പാലിക്കാന്‍ ആളുകള്‍ക്ക് നിര്‍ദേശംനല്‍കി. അമ്ബലപ്പുഴ സി.ഐ. ടി.മനോജിന്റെ നേതൃത്വത്തില്‍ വണ്ടാനം, നീര്‍ക്കുന്നം, വളഞ്ഞവഴി, കരൂര്‍ തുടങ്ങിയ തീരദേശമേഖലകളിലും അമ്ബലപ്പുഴ പടിഞ്ഞാറേനട, തകഴി എന്നിവിടങ്ങളിലുമായിരുന്നു വ്യാഴാഴ്ച ഡ്രോണ്‍ നിരീക്ഷണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക