കൊച്ചി : ബ്രിട്ടിഷ് എയർവെയ്സ് വിമാനം ആദ്യമായി കേരളത്തിൽ ലാൻഡ് ചെയ്തു. ലോക്ഡൗണിനെ തുടർന്ന് കേരളത്തിൽ കുടുങ്ങിയ യുകെ പൗരൻമാരെ നാട്ടിലെത്തിക്കുന്നതിനാണു ബ്രിട്ടിഷ് സർക്കാരിന്റെ പ്രത്യേക നിർദേശത്തിൽ വിമാനമെത്തിയത്.
വൈകിട്ട് 5.25ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ വിമാനം ഏഴരയോടെ 110 യാത്രക്കാരുമായി കൊച്ചിയിലെത്തി. തുടർന്ന് ഇവിടെനിന്ന് 158 പേരേയും കൂട്ടി ആകെ 268 യാത്രക്കാരുമായാണ് വിമാനം യുകെയിലേക്കു പുറപ്പെട്ടത്. ബഹ്റൈൻ വഴിയാണ് മടക്കം.
കേരളത്തിലും തമിഴ്നാട്ടിലും ചികിൽസയ്ക്കായും വിനോദസഞ്ചാരത്തിനായും എത്തിയവരാണു യാത്രക്കാരെല്ലാവരും. ആരോഗ്യവകുപ്പിന്റെ പ്രോട്ടോകോൾ പ്രകാരം നിശ്ചിത ദിവസം ക്വാറന്റീനിൽ കഴിഞ്ഞ ശേഷമാണ് ഇവർ മടങ്ങാനായി വിമാനത്താവളത്തിലെത്തിയത്.
ബ്രിട്ടിഷ് വിമാനത്തിൽ പോയവരിൽ 7 പേർ കോവിഡ് രോഗമുക്തി നേടിയ ശേഷം നിശ്ചിത ദിവസങ്ങൾ നിരീക്ഷണത്തിലും കഴിഞ്ഞവരാണ്. ബ്രിട്ടിഷ് സംഘത്തിൽ, നേരത്തെ മൂന്നാറിലെ റിസോർട്ടിൽ നിന്ന് മുങ്ങി വിമാനത്താവളത്തിൽ പിടിയിലായ ബ്രിയാൻ നെയിലും ഭാര്യയും ഉൾപ്പെടും.
കേരളത്തിൽ കുടുങ്ങിയ ബ്രിട്ടിഷ് പൗരൻമാരിൽ തിരിച്ചു പോകാൻ ആഗ്രഹിക്കുന്നവരുടെ വിവരങ്ങൾ നേരത്തേ സർക്കാർ ശേഖരിച്ചിരുന്നു. തിരുവനന്തപുരത്തും കൊച്ചിയിലും വിവിധ സ്ഥലങ്ങളിൽ കുടുങ്ങിയവരെ ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക വാഹനങ്ങളിൽ വിമാനത്താവളങ്ങളിലേക്കു എത്തിക്കുകയായിരുന്നു.
സ്വദേശത്തേക്കു മടങ്ങാൻ താൽപര്യം പ്രകടിപ്പിച്ച ഏതെങ്കിലും യുകെ പൗരൻമാർ സംസ്ഥാനത്ത് ഉള്ളതായി അറിവില്ലെന്നു ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടർ രാജ്കുമാർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക