Home BUSINESS പുതിയ ഐഫോൺ എസ്ഇ 42,500 രൂപയ്ക്ക്; അതിശക്തിയുള്ള പ്രോസസര്‍

പുതിയ ഐഫോൺ എസ്ഇ 42,500 രൂപയ്ക്ക്; അതിശക്തിയുള്ള പ്രോസസര്‍

ആപ്പിൾ തങ്ങളുടെ ബജറ്റ് ഐഫോണ്‍ ശ്രേണി പുതുക്കി. ആപ്പിളിന്റെ ‘വില കുറഞ്ഞ’ ഐഫോണിനുള്ള കാത്തിരിപ്പ് പലര്‍ക്കും നിരാശയാണോ സമ്മാനിച്ചത് എന്നറിയില്ല. പല തവണ മാറ്റിവച്ച ഈ ഫോണിന്റെ അവതരണം ആപ്പിള്‍ നടത്തിയിരിക്കുകയാണ്. പറഞ്ഞു കേട്ട പല അഭ്യൂഹങ്ങളും ശരിയാണെങ്കിലും ഐഫോണ്‍ എസ്ഇ എത്ര പേരെ ആകര്‍ഷിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. പുതിയ മോഡലിന് പറഞ്ഞു കേട്ടതു പോലെ 4.7-ഇഞ്ച് റെറ്റിനാ ഡിസ്‌പ്ലെ എച്ഡി സ്‌ക്രീനാണ് ഉള്ളത്. ഫോണില്‍ ടച്ച്‌ഐഡിയും (ഹോം ബട്ടണ്‍) തിരിച്ചെത്തിയിട്ടുണ്ട്. ഫെയ്‌സ്‌ഐഡി ഇല്ല.

പുതിയ ഫോണിന് 64ജിബി, 128ജിബി, 256 ജിബി എന്നീ മൂന്നു വേരിയന്റുകളായും കറുപ്പ്, വെളുപ്പ്, പ്രൊഡക്ട് റെഡ് എന്നീ മൂന്നു നിറങ്ങളിലുമാണ് എത്തുക. അലുമിനിയം ഗ്ലാസ് ഡിസൈന്‍ ആണ് ഈ മോഡലിന്. എന്നാല്‍, വാട്ടര്‍ റെസിസ്റ്റന്റ് ആണ്. വെള്ളം, പൊടി തുടങ്ങിയവയിൽ നിന്ന് സംരക്ഷിക്കപ്പെടും. വെള്ളത്തില്‍ 1 മീറ്റര്‍ വരെ താഴ്ചയില്‍ 30 മിനിറ്റ് നേരത്തേക്ക് കിടന്നാല്‍ പ്രശ്‌നം വന്നേക്കില്ല. ഐപി67 റെയ്റ്റിങ് ഉള്ള ഫോണാണിത്.

അതിശക്തിയുള്ള പ്രോസസര്‍

ഫോണിന്റെ ശക്തി കേന്ദ്രം ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണ്‍ 11 സീരിസിലുള്ള എ13 ബയോണിക് പ്രോസസറാണ്. ഇതിലൂടെ ബാറ്ററി ലൈഫ് കാര്യമായി വര്‍ധിക്കുമെന്നാണ് ആപ്പിളിന്റെ അവകാശവാദം. എന്നാല്‍, ഐഫോണ്‍ 11 സീരിസിലുള്ള ആപ്പിളിന്റെ യു1 ചിപ്പ് പുതിയ മോഡലിനില്ല. പ്രകടനമികവിനൊപ്പം ഫാസ്റ്റ് ചാര്‍ജിങ്, വയര്‍ലെസ് ചാര്‍ജിങ്, വൈ-ഫൈ 6, ഇസിം സപ്പോര്‍ട്ടോടെ ഇരട്ട സിം തുടങ്ങിയവയും ഉണ്ട്. 30 മിനിറ്റിനുള്ളിൽ 50 ശതമാനം ചാര്‍ജ് ചെയ്യാം.

ഫോണിന് 12എംപി പിന്‍ ക്യാമറയാണുള്ളത്. ഇതിന് എഫ്1.8 അപേര്‍ചര്‍ ആണു നല്‍കിയിരിക്കുന്നത്. സെല്‍ഫി ക്യാമറയ്ക്ക് 7എംപി റെസലൂഷനാണ് ഉള്ളത്. എ13 പ്രോസസറിനുള്ള ഇമേജ് സിഗ്നല്‍ പ്രോസസിങ് കഴിവും ന്യൂറല്‍ എൻജിനും ഫോണിനുണ്ട്. ചുരുക്കി പറഞ്ഞാല്‍, ഐഫോണ്‍ 11 സീരിസിലുള്ള ഫോണുകള്‍ക്കുള്ള ചില ഫീച്ചറുകള്‍ പുതിയ മോഡലിലും ലഭ്യമാക്കിയിട്ടുണ്ട്. പോര്‍ട്രെയ്റ്റ് മോഡ്, പോര്‍ട്രെയ്റ്റ് ലൈറ്റിങ് എഫക്ട്‌സ്, ഡെപ്ത് കണ്ട്രോള്‍ തുടങ്ങിയവ ഉണ്ട്. ഫോണ്‍ എന്നാണ് വില്‍പ്പനയ്ക്ക് എത്തുക എന്നറിയിച്ചിട്ടില്ല. എന്നാല്‍, ഏപ്രില്‍ 17 മുതല്‍ പ്രീ ഓര്‍ഡര്‍ സ്വീകരിക്കും.

നേരത്തെ പറഞ്ഞു കേട്ടിരുന്നതു പോലെ, ഐഫോണ്‍ 8നോടു സാമ്യമുള്ള നിര്‍മാണ രീതിയാണ് ഫോണിന്. ‘ഒതുക്കമുള്ള ആദ്യ ഐഫോണ്‍ എസ്ഇ മോഡലിന് ലോകമെമ്പാടും നിരവധി ആരാധകരുണ്ടെന്ന് ആപ്പിളിന്റെ സീനിയര്‍ വൈസ് പ്രസിഡന്റായ ഫില്‍ ഷിലര്‍ വെളിപ്പെടുത്തി. ഇപ്പോള്‍ പുറത്തിറക്കിയ ഐഫോണും ഈ ആശയം വിപുലപ്പെടുത്തുന്നു. തങ്ങള്‍ പുറത്തിറക്കിയ ഏറ്റവും നല്ല ഒറ്റ ക്യാമറാ ഫോണാണിതെന്നും അദ്ദേഹം അവകാശപ്പെടുന്നു.

ഐഫോണ്‍ എസ്ഇ വാങ്ങണോ?

ഇന്ത്യ പോലുള്ള, വിലയേക്കുറിച്ച് ബോധമുള്ള വിപണികളെ ലക്ഷ്യമിട്ടിറക്കിയ ഫോണാണ് ഐഫോണ്‍ എസ്ഇ. ആറു ശതമാനം അധിക ജിഎസ്ടി വന്നില്ലായിരുന്നുവെങ്കില്‍ 40,000 രൂപയില്‍ താഴെ ആകാമായിരുന്നിരിക്കണം വില. ഫോണ്‍ ഇന്ത്യയില്‍ നിര്‍മിച്ചിരുന്നെങ്കില്‍ വില വീണ്ടും താഴുകയും ചെയ്യാമായിരുന്നു. ഐഫോണ്‍ XR, ഐഫോണ്‍ 11 എന്നീ മോഡലുകള്‍ ഇന്ത്യയില്‍ കാര്യമായ വില്‍പ്പന നടന്നിരുന്നു. ഐഫോണ്‍ XR മോഡലിനേക്കാള്‍ കൃത്യം 10,000 രൂപ കുറവാണ് പുതിയ ഐഫോണ്‍ എസ്ഇയുടെ വില. XR മോഡലിന്റെ എക്‌സ്‌ചേഞ്ച് ഓഫര്‍ കൂടി പരിഗണിച്ചാല്‍ പുതിയ ഐഫോണ്‍ എസ്ഇയെക്കാള്‍ അല്‍പ്പം കൂടുതലാണെന്നും കാണാം. എന്നാല്‍ ഇത് ഏകദേശം ഒന്നര വര്‍ഷത്തിലേറെ പഴക്കമുള്ള മോഡലാണ്. ഒരു പക്ഷേ, ഐഫോണ്‍ XR ന്റെ നിര്‍മ്മാണം ആപ്പിള്‍ താമസിയാതെ നിർത്താനും സാധ്യതയുണ്ട്.

Also Read :  ധര്‍മജനെ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ എന്റെ ആ ഡയറിയാണ് അവനെ രക്ഷിച്ചത്; അനുഭവം തുറന്ന് പറഞ്ഞ് രമേഷ് പിഷാരടി

പല രീതിയിലും എസ്ഇ ആയിരിക്കും XRമോഡലിനേക്കാള്‍ മികച്ചത്. പുതിയ പ്രോസസര്‍, ഫാസ്റ്റ് ചാര്‍ജിങ്, ഇരട്ട ഇസിം തുടങ്ങിയവ എസ്ഇ മോഡലിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. XR മോഡലിനേക്കാള്‍ ഒരു വര്‍ഷം കൂടുതല്‍ ഐഒഎസ് അപ്‌ഡേറ്റും ലഭിക്കും. കൊറോണാവൈറസ് ബാധയെ തുടര്‍ന്ന്, ആപ്പിള്‍ അടക്കമുള്ള ഉപകരണ നിര്‍മാതാക്കളെല്ലാം പ്രതിസന്ധി നേരിട്ടേക്കാം.

ഇത് എത്രമേല്‍ ഉണ്ടാകാമെന്ന കാര്യം രോഗത്തിന്റെ ആഘാതം എത്ര കടുത്തതാണന്നതിനെ ആസ്പദമാക്കി, അടുത്ത മാസങ്ങളില്‍ മാത്രമേ അറിയാന്‍ സാധിക്കൂ. ഡിസ്‌കൗണ്ട് നല്‍കുന്ന സമയത്ത് ഇന്ത്യയില്‍ ലഭിക്കുന്ന ഏറ്റവും വില കുറഞ്ഞ ആപ്പിളിന്റെ ഫോണ്‍ ഐഫോണ്‍ 7 ആണ്. ഇതിന് ഏകദേശം 25,000 രൂപയായിരിക്കും വില.