പച്ചക്കറിത്തോട്ടവും കൈക്കുമ്പിളില്‍, മൈക്രോ ഗ്രീനാണ് ഇന്നത്തെ താരം. കൃഷിയും ഹൈടെക്കായി മാറി കഴിഞ്ഞു ഹൈടെക് കൃഷിയില്‍ ഏറ്റവും പ്രധാനിയാണ് മൈക്രോ ഗ്രീന്‍ രീതി. കൃഷി ചെയ്യാന്‍ പ്രത്യേകം സ്ഥലമോ വളമോ ആവശ്യമില്ല, കൃഷിപ്പണികളുമില്ല, വീട്ടില്‍ ജനല്‍പ്പടിയിലോ ബാല്‍ക്കണിയോ എന്ന് വേണ്ട വളരെ ചുരുങ്ങിയ സ്ഥലത്ത് പോഷക സമ്പുഷ്ടമായ ഇലക്കറികളും ധാന്യങ്ങളും ആർക്കും വളര്‍ത്താം.
ഇതാണ് മൈക്രോ ഗ്രീന്‍. ചുരുക്കിപ്പറഞ്ഞാല്‍ ഒരു ചെടി മുളച്ച് ഒരാഴ്ചയ്ക്കുള്ളില്‍ വിളവെടുക്കുന്ന പുതിയ രീതി. വിത്തിട്ട് തൈയുണ്ടായി അതു നട്ട് കായ് വന്നു പറിച്ചെടുക്കാന്‍ മാസങ്ങള്‍ കാത്തിരിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലതാണ് പോഷസമ്പുഷ്ടമായ മൈക്രോ ഗ്രീന്‍ രീതി. ചെറുപയര്‍, ധാന്യങ്ങള്‍, ചീരവിത്തുകള്‍, കടുക് തുടങ്ങി പ്രാദേശികമായി കിട്ടുന്നവയെല്ലാം മൈക്രോ ഗ്രീന്‍ രീതിയില്‍ കൃഷി ചെയ്യാം. ചെറുപയര്‍ പോലുള്ള ധാന്യങ്ങളാണ് ഏറ്റവും ഉത്തമം. ആദ്യത്തെ തളിരിലകൾ വന്നാൽ തണ്ടോടുചേർത്ത് മുറിച്ചെടുത്ത് തോരനോ കറിയോ തയാറാക്കാം, അല്ലെങ്കില്‍ രുചികരമായ സലാഡുകള്‍ ഒരുക്കാം.
സുക്ഷിരങ്ങളോടു കൂടിയ പ്ലാസ്റ്റിക് ട്രേയും കുറച്ചു വിത്തുകളും ചകിരിച്ചോറുമാണ് മൈക്രോ ഗ്രീന്‍ വളര്‍ത്തിയെടുക്കാന്‍ ആവശ്യം. ചകിരിച്ചോര്‍ പ്ലാസ്റ്റിക് ട്രേയില്‍ നിരത്തി വളരാനുള്ള ബഡ് തയാറാക്കുക. ട്രേയില്‍ പകുതിയോളം മാത്രം ചകിരിച്ചോര്‍ നിറച്ചാല്‍ മതി. നനച്ച ശേഷം വേണം നിറയ്ക്കാന്‍. ഒരാഴ്ചമാത്രമാണ് നമ്മള് ചെടികള്‍ വളര്‍ത്തുന്നത്, ഇതിനാല്‍ ഒരുതരത്തിലുള്ള വളങ്ങളും ആവശ്യമില്ല. എട്ടു മണിക്കൂര്‍ വെള്ളത്തിലിട്ട് കുതിര്‍ന്ന വിത്തുകളാണ് നടുവാൻ ഉപയോഗിക്കേണ്ടത് . എട്ടുമണിക്കൂര്‍ വെള്ളത്തിലിട്ടുവച്ചാല്‍ വിത്തുകള്‍ മുളച്ചു തുടങ്ങും. ഇവ ചകിരിച്ചോറിട്ടു തയാറാക്കിയ പ്ലാസ്റ്റിക് ട്രേയില്‍ വിതറുക. നന്നായി ഇടതൂര്‍ന്നു വേണം വിത്തുകള്‍ വിതറാന്‍. ശേഷം മുകളില്‍ കുറച്ചു ചകിരിച്ചോര്‍ ഇട്ട് അമര്‍ത്തുക. മൂന്നോ നാലോ ദിവസം കഴിയുമ്പോഴേക്കും ചെടികള്‍ വളര്‍ന്നു ചകിരിച്ചോറില്‍ നിന്നു പുറത്തേക്കു വരും. ഒരു ട്രേയില്‍ ഒരുക്കിയ ചകിരിച്ചോറില്‍ നാലോ അഞ്ചോ തവണ വിത്ത് വിതയ്ക്കാം.
അഞ്ചോ ആറോ ദിവസം കൂടിയാല്‍ പത്ത്- ഇതിനകം ചെടികള്‍ പറിച്ചെടുക്കണം. ദിവസം കൂടും തോറും പോഷക ഗുണങ്ങള്‍ കുറയും. നന്നായി സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വേണം പ്ലാസ്റ്റിക്ക് ട്രേകള്‍ വയ്ക്കാന്‍. ആന്റി ഓക്സിഡന്റുകളുടെ കലവറ കൂടിയാണിവ.ദഹന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും ഇവയുടെ ഉപയോഗം സഹായിക്കും. ഇതിലുമെല്ലാം ഏറ്റവും വലിയ സംഗതി മൈക്രോ ഗീന് രീതിയില്‍ ധാന്യങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ കുറച്ചു സ്ഥലം മതി, വലിയ അധ്വാനം ആവശ്യമില്ല എന്നതു തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക