ഗ്രീന്‍ സോണില്‍ ഉള്‍പ്പെട്ടെങ്കിലും കോവിഡ് ഭീതിയിലാണ് കോട്ടയം ജില്ല. ആസ്ട്രേലിയയില്‍ നിന്നെത്തിയ ദമ്പതികളും പാലക്കാട് നിന്ന് എത്തിയ ലോറി ഡ്രൈവറുമാണ് കോട്ടയക്കാരുടെ പുതിയ ആശങ്ക. ഇതിനിടെ ഹോം ക്വാറന്റൈനിലുള്ളവരുടെ എണ്ണം 78 ആയി കുറഞ്ഞു.
കോവിഡ് സ്ഥിരീകരിച്ച മൂന്ന് പേരെയും ചികിത്സിച്ച് ഭേദമാക്കിയതിന്റെ ആശ്വാസത്തിലായിരുന്നു കോട്ടയം. ഗ്രീന്‍ സോണായി പ്രഖ്യാപിച്ചതിന് പിന്നാലെ ഇളവുകളുമെത്തി. ഇതോടെ ആളുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങി. എന്നാല്‍ ഇപ്പോള്‍ വീണ്ടും ആശങ്കയിലായിരിക്കുകയാണ് കോട്ടയത്തുകാര്‍. ആസ്ട്രേലിയയില്‍ നിന്നും എത്തിയ ദമ്പതികളില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതും പാലക്കാട് നിന്നെത്തിയ ലോറി ഡ്രൈവര്‍ നിരീക്ഷണത്തിലായതുമാണ് പുതിയ ആശങ്ക. ഇതോടെ ജില്ലാ ഭരണകൂടവും കൂടുതല്‍ ജാഗ്രതയിലാണ്.
കോവിഡ് സ്ഥിരീകരിച്ച കോട്ടയകാരിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. പാലക്കാട് നിന്നെത്തിയ ഡ്രൈവറുടെ കോണ്ടാക്ടില് ഉള്ള 17 പേര്‍ക്കും ക്വാറന്റൈന് നിര്‍ദ്ദേശിച്ചിട്ടുമുണ്ട്. അതേസമയം ജില്ലയില്‍ ഹോം ക്വാറന്റൈനില്‍ ഉള്ളവരുടെ എണ്ണം 78 ആയി കുറഞ്ഞു. ഇത് ആശ്വാസം നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക