സോൾ : കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച കിംവദന്തികൾ വ്യാപകമാകുന്നതിനിടെ, അദ്ദേഹത്തിന്റെ പച്ച ട്രെയിൻ ഉത്തരകൊറിയയിലെ തീരദേശ നഗരമായ ഹ്യാങ്സാനിലേക്ക് ഈ മാസം 21നും 23നും എത്തിയതായി സ്ഥിരീകരണം.
സാറ്റലൈറ്റ് ചിത്രങ്ങളുടെ സഹായത്തോടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്നു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അദ്ദേഹം ഹ്യാങ്സാനിലെ ഒരു റിസോർട്ടിൽ ആരോഗ്യവാനായി തുടരുന്നുവെന്ന അഭ്യൂഹങ്ങളെ സാധൂകരിക്കുന്നതാണിത്. കിം മരിച്ചതായിപ്പോലും അഭ്യൂഹങ്ങൾ വ്യാപകമാണെങ്കിലും യുഎസും ദക്ഷിണ കൊറിയയും ഉൾപ്പെടെയുള്ളവരൊന്നും മുഖവിലയ്ക്കെടുത്തിട്ടില്ല.
കിമ്മിന്റെ ആരോഗ്യസ്ഥിതിയും അദ്ദേഹം എവിടെയാണെന്നതും ഇപ്പോഴും വ്യക്തമായ ഉത്തരം കിട്ടാത്ത ചോദ്യമായി തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പച്ച ട്രെയിൻ ഹ്യാങ്സാനിലേക്ക് സഞ്ചരിച്ചതായി തെളിഞ്ഞത്. കിം കുടുംബത്തിനു മാത്രം ഉപയോഗിക്കാൻ അനുവാദമുള്ള ഹ്യാങ്സാനിലെ ‘ലീഡർഷിപ്പ് സ്റ്റേഷനി’ലാണ് ഏപ്രിൽ 21, 23 തീയതികളിൽ ട്രെയിനെത്തിയത്.
ഇതിന്റെ സാറ്റലൈറ്റ് ചിത്രങ്ങൾ 38 നോർത്ത് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ‘കിം ജോങ് ഉൻ നിലവിൽ ഹ്യാങ്സാനിലുണ്ടെന്നാണ് മനസ്സിലാക്കുന്നത്’ എന്ന് പേരു വെളിപ്പെടുത്താൻ തയാറാകാത്ത ഒരു ഉത്തരകൊറിയൻ ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം വാഷിങ്ടൺ പോസ്റ്റിനോടു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക