രാജ്യമെങ്ങും ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് വീട്ടിലിരുന്നു ജോലി ചെയ്യുകയാണ് മിക്ക ജീവനക്കാരും. എന്നാൽ ഓഫീസിലെ പോലെ മേശയിലും കസേരയിലും ഒന്നും ഇരിക്കാതെ കട്ടിലിൽ ഇരുന്നു പണിയെടുക്കുന്നവരാണ് ഏറെ പേരും. മണിക്കൂറുകളോളം കട്ടിലിൽ ഇരുന്നു കൊണ്ട് ലാപ്ടോപ്പിൽ നോക്കുന്നത് വരുത്തി വെക്കുന്ന ക്ഷീണം ചില്ലറയല്ല. പിടലി വേദനയും പുറം വേദനയും വേറെയും. കട്ടിൽ കാണുമ്പോൾ ഇടയ്ക്ക് കിടക്കാൻ തോന്നതും സ്വഭാവികം.
എന്നാൽ കട്ടിലിരുന്നു പണിയെടുക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് ആരോഗ്യ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കട്ടിലിലിരുന്നു പണിയെടുക്കുമ്പോൾ കുനിഞ്ഞു ഇരിക്കാനുള്ള സാധ്യത ഏറെയാണ്. ഇത് നട്ടെലിനെ ബാധിക്കുമെന്നു ഫോർട്ടിസ് ആശുപത്രിയിലെ ഡോ രാഘവേന്ദ്രയെ ഉദ്ധരിച്ചു ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു. ബെഡിൽ ഇരുന്നു ജോലി ചെയ്യുമ്പോൾ ശരീരത്തിന് ഒരു സപ്പോർട്ട് ലഭിക്കുന്നില്ല. കുനിയാനുള്ള സാധ്യത ഉണ്ട്. അങ്ങനെ വരുമ്പോൾ നടുവേദനയോ കാലുവേദനയോ എടുക്കും. തുടർച്ചയായി ആ രീതിയിൽ ഇരിക്കുമ്പോൾ ഡിസ്ക് വഴുതാനുള്ള സാധ്യതയും ഉണ്ട്.
ഇത് മാത്രമല്ല, കട്ടിലിരുന്നു പണിയെടുക്കുന്നത് ഉറക്കത്തെയും ബാധിച്ചേക്കാം. ഒരു പ്രത്യേക പെരുമാറ്റവുമായി മസ്തിഷ്കം ഒരു സ്ഥലത്തെ ബന്ധപ്പെടുത്തുന്നത് കൊണ്ടാണിത്. കട്ടിലിരുന്നു ജോലി ചെയ്യുന്നത് നല്ല ഉറക്കം ലഭിക്കുന്നതിന് തടസ്സമായേക്കാം. അത് കൊണ്ട് ഏറ്റവും നല്ലത് ജോലി ചെയ്യാൻ ഒരു മേശയും കസേരയും തിരഞ്ഞെടുക്കുക എന്നതാണ്. കട്ടിൽ കിടക്കുന്നതിന് വേണ്ടി മാത്രമായി മാറ്റി വെക്കാം.
ഇനി കട്ടിലിരുന്ന് പണിയെടുക്കുന്നത് അത്രയ്ക്ക് ഒഴിവാക്കാൻ പറ്റാത്ത സാഹചര്യമാണുള്ളതെങ്കിൽ നേരായ വിധത്തിലാണ് ഇരിക്കുന്നത് എന്ന് ഉറപ്പു വരുത്തുക.ലാപ്ടോപ്പ് ഏതെങ്കിലും ഉയർന്ന പ്രതലത്തിൽ ഉയർത്തി വെക്കുക. കുനിഞ്ഞു ലാപ്ടോപ്പിൽ നോക്കുന്ന സാഹചര്യം ഒഴിവാക്കുക.
കഴുത്ത് വളയാതിരിക്കാൻ ലാപ്ടോപ്പ് നിങ്ങളുടെ തലയ്ക്ക് സമാന്തരമായി ഉയർത്തണമെന്നും ഡോ രാഘവേന്ദ്ര പറയുന്നു. കുറെ സമയം തുടർച്ചയായി ഒരേ പൊസിഷനിൽ ഇരിക്കരുത്. ഇടയ്ക്ക് ചെറുതായി എഴുന്നേറ്റ് നടക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക