മലയാളിയുടെ എക്കാലത്തെയും പ്രിയ താരങ്ങളിൽ ഒരാളാണ് ശോഭന. 1980കാലിലും 1990കളിലും മലയാള സിനിമയിലെ മുൻനിര നായികയായി ഉയർന്ന താരം 2000ത്തോട് കൂടി സിനിമാ ലോകത്ത് നിന്ന് അകന്ന് തുടങ്ങിയിരുന്നു. പിന്നീടുള്ള ഇരുപത് വർഷത്തിൽ വിരലിൽ എണ്ണാവുന്നത്ര ചിത്രങ്ങളിൽ മാത്രമാണ് ശോഭനയെ കണ്ടിട്ടുള്ളത്. എന്തുകൊണ്ട് ശോഭന സിനിമ ഉപേക്ഷിച്ചു എന്നത് എല്ലാവരെയും കുഴയ്ക്കുന്ന ചോദ്യമാണ്.
ലോക്ഡൗൺ കാലത്ത് ഫെയ്സ്ബുക് ലൈവിലൂടെ ഇതിന് മറുപടി നൽകിയിരിക്കുകയാണ് ശോഭന.സിനിമ തനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരുപാട് പോസിറ്റിവിറ്റിയുള്ള ഒരിടമാണ്. എന്നാൽ ചെറിയ വയസ്സ് മുതൽ നൃത്തം പരിശീലിക്കുന്നുണ്ട്. അത് എങ്ങനെയാണ് ഉപേക്ഷിക്കാൻ പറ്റുക. അത് കൊണ്ടാണ് ഒരിക്കൽ സിനിമ വിട്ടതെന്നാണ് അഭിമുഖങ്ങൾക്കൊന്നും അധികം പിടി കൊടുക്കാത്ത താരം ഫെയ്സ്ബുക് ലൈവിൽ പറഞ്ഞത്.
സിനിമയിലെ ആവർത്തനങ്ങളും തനിക്ക് മടുത്തുവെന്ന് ശോഭന പറയുന്നു. ‘സിനിമ ഒരുപാട് പോസിറ്റിവിറ്റി തരുന്ന ഒന്നാണ്. ഒരുപാട് ആരാധകരും അവരുടെ സ്നേഹവും എല്ലാം ചേർന്ന് നമുക്ക് ഒരുപാട് കംഫർട്ട്നെസ്സ് സിനിമ നൽകും. അത്രയും കംഫർട്ട് ആയാൽ ശരിയാവില്ലെന്ന് തോന്നിയത് കൊണ്ടാണ് സിനിമ വിട്ടത്’ ശോഭന പറഞ്ഞു.
ഇപ്പോൾ വീണ്ടും സിനിമയിലേക്ക് മടങ്ങി വന്നിരിക്കുകയാണ്. ഇങ്ങനെ മാറിക്കൊണ്ടിരിക്കുന്ന ആളാണ് താനെന്നും ശോഭന പറഞ്ഞു.സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന മലയാള ചിത്രത്തിലാണ് ശോഭന ഒടുവിലായി അഭിനയിച്ചത്.
നൃത്ത പരിപാടികൾക്കും നൃത്ത പരിശീലനത്തിനുമാണ് ശോഭന ഇപ്പോൾ കൂടുതൽ സമയം കണ്ടെത്തുന്നത്. ‘കലർപ്പണ’ എന്ന പേരിൽ ചെന്നൈയിൽ സ്വന്തം ഭരതനാട്യ പരിശീലന കേന്ദ്രം നടത്തുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക