സംസ്ഥാനത്തെ ബാങ്കുകൾ ഇന്ന് മുതൽ സാധാരണ നിലയിൽ പ്രവർത്തിക്കും. രാവിലെ പത്തു മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെയാണ് ബാങ്കുകളുടെ പ്രവർത്തന സമയം. വായ്പ്പ ഉൾപ്പെടെയുള്ള ബാങ്കിങ് സേവനങ്ങൾ ലഭ്യമാണ്. ബാങ്കുകൾ എല്ലാ സോണിലും തുറക്കും. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഇളവുകൾ പ്രഖ്യാപിച്ചതിനെ തുടർന്നാണ് ബാങ്കുകൾ എല്ലായിടത്തും തുറക്കാൻ സംസ്ഥാന ബാങ്കേർസ് സമിതി തീരുമാനിച്ചത്.
റെഡ് സോണുകളിൽ രാവിലെ പത്തു മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് ബാങ്കുകൾ പ്രവർത്തിക്കുക. കണ്ടെയ്ന്മെന്റ് ഏരിയയിൽ ഇതു സംബന്ധിച്ച അറിയിപ്പ് കളക്ടർ നൽകും. നേരത്തെ റെഡ് സോൺ ഒഴികെയുള്ള ഇടങ്ങളിലായിരുന്നു ബാങ്കിന് പ്രവർത്തനാനുമതി.
കേരളത്തിൽ കഴിഞ്ഞ ദിവസം ആർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന കാസര്‍ഗോഡ് സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ 401 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 95 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 40,000 പിന്നിട്ടു. 1306 പേരാണ് ഇതുവരെ മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക