തിരുവനന്തപുരം: മാസ്ക്ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശനനടപടിയുമായി നീങ്ങുന്ന കേരള പൊലീസ് മാസ്ക്കിനെ പ്രോത്സാഹിപ്പിക്കാന്‍ പുതിയ ചലഞ്ചുമായി രംഗത്ത്. കൊവിഡ് വ്യാപനം തടയാനും മാസ്ക്ക് ധരിക്കണമെന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാനും സമ്മാന പദ്ധതിയുള്‍പ്പെടുത്തി വ്യത്യസ്തമായ പ്രചാരണ പരിപാടിയാണ് സംസ്ഥാന പൊലീസ് ആവിഷ്കരിച്ചിരിക്കുന്നത് . മാസ്ക്ക് ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പൊലീസിന്റെ പുതിയ ചലഞ്ച്. വ്യത്യസ്തമായ ഫാമിലി മാസ്ക്ക് തയ്യാറാക്കുന്നവര്‍ക്ക് 5000 രൂപ പാരിതോഷികം നല്‍കുമെന്നാണ് പ്രഖ്യാപനം. പുതിയ ഡിസൈന്‍ അയക്കുന്നവര്‍ക്ക് 3000 രൂപ സമ്മാനം നല്‍കും. മികച്ച മാസ്ക്കണിഞ്ഞ കുടുംബ ഫോട്ടോകള്‍ പൊലീസിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
കൊവിഡ് പ്രതിരോധത്തില്‍ തുടക്കം മുതല്‍ സ്തുത്യര്‍ഹ സേവനം നടത്തിവരുന്ന പൊലീസ് , ജനപങ്കാളിത്തം കൂട്ടാനും മാസ്ക്ക് ഉപയോഗം വര്‍ദ്ധിപ്പിക്കാനുമാണ് മത്സരവുമായി രംഗത്തെത്തിയത്. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ മാസ്ക് ധരിക്കാതെ പുറത്തിറങ്ങരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. കൊവിഡ് വ്യാപനം തടയാന്‍ ഉദ്ദേശിച്ചുള്ള കര്‍ശന നടപടിയാണ് ഇക്കാര്യത്തില്‍ കേരളാ പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. മാസ്ക്ക് ധരിക്കാതെ പുറത്തിറങ്ങായാല്‍ ആദ്യം 200 രൂപയും ആവര്‍ത്തിച്ചാല്‍ 5000 രൂപയുമാണ് പിഴ ഈടാക്കുന്നത്. ശിക്ഷാനടപടികള്‍ക്കൊപ്പം മാസ്ക്കിന്റെ കാര്യത്തില്‍ മത്സരംകൂടി സംഘടിപ്പിച്ച് സമൂഹമാദ്ധ്യമങ്ങളിലുള്‍പ്പെടെ മാസായിരിക്കുകയാണ് കേരള പൊലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക