ക്രിക്കറ്റ് കളിക്കാൻ ഏറ്റവും മനോഹരമായ സ്ഥലമായിരുന്നു അത്. ഇന്നും മനസിൽ ആ ഗ്രൗണ്ടിലെ ഓർമകളുണ്ട്. ഇംഗ്ലീഷ് ക്രിക്കറ്റ് ഇതിഹാസം സർ ജഫ്രി ബോയ്ക്കോട്ട് സ്കാർബൊറോയിലെ പ്രശസ്തമായ നോർത്ത് മറൈൻ റോഡ് ഗ്രൗണ്ടിലെ ഓർമകൾ പങ്കുവെച്ച് രംഗത്ത്. കളിച്ചിരുന്ന കാലത്ത് കൗണ്ടിയിൽ യോർക് ഷെയറിനു വേണ്ടിയായിരുന്നു ബോയ്ക്കോട്ട് പാഡണിഞ്ഞത്.
കഴിഞ്ഞ ദിവസം യോർക് ഷെയറിന്റെ പ്രധാന ഗ്രൗണ്ടുകളിലൊന്നായ നോർത്ത് മറൈൻ ഗ്രൗണ്ടിൽ കളിച്ചവരിൽ ഏറ്റവും മികച്ചത് ആരെന്ന പോളിൽ മൈക്കൽ വോണിനേയും ഡാരൻ ലീമാനെയും ഫ്രെഡ് ട്രൂമാനെയും പിന്തള്ളി ബോയ്ക്കോട്ട് മുന്നിലെത്തിയിരുന്നു. അങ്ങനെയൊരു ഫലം വന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. ജനങ്ങൾ പഴയ കാലമൊക്കെ മറന്നിട്ടുണ്ടാവുമെന്നാണ് ഞാൻ കരുതിയത്. ഞാൻ കളിച്ചിരുന്നതൊക്കെ എത്രയോ കാലം മുമ്പല്ലേ? എങ്കിലും ക്രിക്കറ്റ് പ്രേമികൾ ഇങ്ങനെയൊരു തിരഞ്ഞെടുപ്പ് നടത്തിയതിൽ സന്തോഷമുണ്ട്. ബോയ്ക്കോട്ട് പറയുന്നു.
അവിടെ കളിച്ചുകൊണ്ടിരുന്നത് തന്നെ നല്ല ഓർമകളാണ്. ഗ്രൗണ്ടിലെത്തുന്നതും പിച്ച് പരിശോധിക്കുന്നതും പേസും ബൗൺസുമൊക്കെ നിറഞ്ഞ ഇടത്ത് കളിക്കുന്നതുമൊക്കെ ഇപ്പോഴും മനസിലുണ്ട്. കരിയർ അവസാനിപ്പിച്ചതും ഇവിടെ ഈ ഗ്രൗണ്ടിൽ തന്നെയാണ്. അന്ന് ഞാൻ സെഞ്ച്വറിയടിക്കുമായിരുന്നു. പക്ഷേ, 60 കളിൽ റണ്ണൗട്ടാവുകയായിരുന്നു. സമയവും ദിവസവും ഇപ്പോഴും ഓർമയുണ്ട്. 1986 സെപ്തംബർ 12, 5.21 PM. എന്റെ കരിയർ അവസാനിച്ചത് അന്നാണ്. ബോയ്ക്കോട്ട് ഓർക്കുന്നു.
12 സെഞ്ച്വറികളാണ് ബോയ്ക്കോട്ട് ഈ ഗ്രൗണ്ടിൽ കുറിച്ചത്. അതിൽ എട്ടെണ്ണവും പുറത്താകാതെ നേടിയത്. അതിലൊന്നാവട്ടെ, ഓസീസിനെതിരെ 1977 ൽ നേടിയമറക്കാനാവാത്ത ഒന്നും.
പ്രതികരിക്കാൻ ഇവിടെ എഴുതുക