തിരുവനന്തപുരം: കോവിഡ് ബാധ മറച്ചുവെച്ച് അബുദാബിയില്‍നിന്ന് തിരുവനന്തപുരത്തെത്തുകയും രോഗത്തെക്കുറിച്ച് അധികൃതരെ അറിയിക്കാതിരിക്കുകയും ചെയ്ത മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. അബുദാബിയില്‍ നിന്നുമെത്തിയ കൊല്ലം ജില്ലക്കാരായ മൂന്ന് പേര്‍ക്കെതിരെ കൊട്ടാരക്കര പൊലീസ് കേസെടുത്തിട്ടുണ്ട്.
അബുദാബിയില്‍നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ഇവരെ ബസുകളില്‍ കൊട്ടാരക്കരയിലെ ക്വാറന്റീന് കേന്ദ്രത്തിലേക്കു കൊണ്ടുപോകുംവഴി സംശയം തോന്നിയിരുന്നു. ഇതേത്തുടര്‍ന്ന് ക്വാറന്റീനിലാക്കാതെ പാരിപ്പള്ളി മെഡിക്കല്‍കോളേജില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ സ്രവപരിശോധനയിലാണ് മൂവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് അവരെ പാരിപ്പള്ളി മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു.
ഇക്കാര്യം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവര്‍ക്ക് അവിടെനിന്ന് എങ്ങനെ വിമാനത്തില്‍ കയറാന്കഴിഞ്ഞുവെന്നത് ഗൗരവമായി കാണുന്നു. കേന്ദ്രസര്‍ക്കാരാണ് മറ്റു രാജ്യങ്ങളുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക