കണ്ണൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അണുവിമുക്ത പ്രവർത്തനങ്ങൾ സജീവമാക്കി പയ്യന്നൂർ അഗ്നിരക്ഷാസേന. കേന്ദ്ര അധികൃതരുടെ നേതൃത്വത്തിൽ ക്വാറൻറയിൻ കേന്ദ്രങ്ങൾ അണുമുക്തമാക്കി.
വിദേശ രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും നാട്ടിൽ തിരിച്ചെത്തിയവരെ ക്വാറൻ്റയിനിൽ പാർപ്പിച്ച നഗരസഭ പരിധിയിലെ അഞ്ചു കേന്ദ്രങ്ങളാണ് പയ്യന്നൂർ അഗ്നി രക്ഷാ സേന അധികൃതരുടെ നേതൃത്വത്തിൽ അണുമുക്തമാക്കിയത് . വളരെ ശാസ്ത്രീയവും, കുറ്റമറ്റ രീതിയിലുമാണ് അണുവിമുക്ത പ്രവർത്തനങ്ങൾ നടത്തുന്നത്. സ്റ്റേഷൻ ഓഫീസർ പി.വി പവിത്രൻ അണു നശികരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
സ്റ്റേഷൻ ഓഫീസറെ കൂടാതെ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ കെ എസ് ജയരാജ്, ഫയർ & റസ്ക്യൂ ഓഫീസർമാരായ കെ മനോജ്, എ. സുധിൻ, ആർ എം വിഷ്ണു, ഫയർ & റസ്ക്യൂ ഡൈവർ പി.കെ അജിത്ത് കുമാർ, ഹോം ഗാർഡ് കെ ദിനേശൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സ്തുത്യർഹവും, മാതൃകാപരവുമായ സേവനങ്ങൾ കാഴ്ച വെക്കാൻ പയ്യന്നൂർ അഗ്നി രക്ഷാ നിലയം അധികൃതർക്ക് സാധിച്ചിട്ടുണ്ട്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിലെ ചെറിയൊരു പഴുതിന് പോലും വലിയ വില കൊടുക്കേണ്ടി വരുമെന്നതിനാൽ പഴുതടച്ച പ്രവർത്തനമാണ് ഓരോ സേനാംഗവും കാഴ്ച വെക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക