Home EDITORIAL ഇന്ത്യ – ചൈന തർക്കത്തിന് വർഷങ്ങളുടെ പാരമ്പര്യം! അരനൂറ്റാണ്ടിനിടെ ഇന്ത്യയും ചൈനയും വീണ്ടും മുഖാമുഖം വരുമ്പോൾ…

ഇന്ത്യ – ചൈന തർക്കത്തിന് വർഷങ്ങളുടെ പാരമ്പര്യം! അരനൂറ്റാണ്ടിനിടെ ഇന്ത്യയും ചൈനയും വീണ്ടും മുഖാമുഖം വരുമ്പോൾ…

45 വർഷങ്ങൾക്ക് ശേഷം അതിർത്തിയിൽ ഇന്ത്യ – ചൈന സൈനികർ ഏറ്റുമുട്ടി. അതിർത്തിയിലെ ഗാൽവന്‍ താഴ്‌വരയിലാണ്‌ ഇരുവിഭാഗം സൈനികർ തമ്മിൽ സംഘർഷമുണ്ടായത്. 1975ന് ശേഷം ആദ്യമായിട്ടാണ് ഇന്ത്യയും ചൈനയും ആൾനാശം ഉണ്ടാകുന്ന രീതിയിൽ നേർക്കുനേർ എത്തിയത്. ഇതിന് മുൻപ് ഇരു വിഭാഗം സൈനികരും നിരവധി തവണ നേർക്കുനേർ എത്തിയിരുന്നു. 1980ന് ശേഷം അതിർത്തിയിൽ കടന്നു കയറ്റങ്ങൾ ഉണ്ടായെങ്കിലും വെടിയുതിർക്കുന്ന സാഹചര്യം ഉണ്ടായിരുന്നില്ല. ഇരു വിഭാഗം സൈനികരും തമ്മിലുള്ള ഏറ്റുമുട്ടലുകൾക്കും തർക്കങ്ങൾക്കും വർഷങ്ങളുടെ പാരമ്പര്യമുണ്ടെന്നാണ് ചരിത്രം വ്യക്തമാക്കുന്നത്.

1967ലെ നാഥുല- ചോ ല പോരാട്ടം

1962- 67 കാലഘട്ടമാണ് ഇന്ത്യ – ചൈന അതിർത്തിയിൽ ഏറ്റവുമധികം ചോര വീണത്. കശ്മീർ അതിർത്തിയിലുള്ള അക്സായ് ചിൻ, അരുണാചൽ അതിർത്തി എന്നിവിടങ്ങളിൽ 1962ൽ നടന്ന യുദ്ധത്തിനു പിന്നാലെ അതിർത്തിയിൽ ഇന്ത്യയ്ക്കു മേൽ ചൈന സമ്മർദം ശക്തമാക്കി. 1965ലെ ഇന്ത്യാ – പാകിസ്ഥാൻ യുദ്ധവേളയിൽ, നാഥുലാ നിരീക്ഷണ പോസ്റ്റിൽ നിന്ന് ഇന്ത്യയെ തുരത്താൻ ചൈന നീക്കം നടത്തി.

എന്നാൽ, നാഥുലയിൽ സേനയ്ക്കു നേതൃത്വം നൽകിയ മേജർ ജനറൽ സാഗത് സിങ് ചൈനയെ നേർക്കുനേർ നേരിട്ടു. നാഥുല കൈവിടുന്നതു ചൈനയ്ക്കു സൈനികപരമായി മേൽക്കൈ നൽകുമെന്ന് വിലയിരുത്തിയ സാഗത്, അയൽരാജ്യത്തു നിന്നുള്ള നിരന്തര സമ്മർദം അതിജീവിച്ചു.

ജീവൻ പോയാലും നാഥുല വിട്ടുകൊടുക്കില്ലെന്ന സാഗതിന്റെ നിശ്ചയദാർഢ്യം ഒടുവിൽ വിജയം കണ്ടു. ഇന്നും കൈവശമുള്ള നാഥുല ചുരമാണു ചൈനയുടെ സൈനിക നീക്കങ്ങളെ ഫലപ്രദമായി ചെറുക്കാൻ ഇന്ത്യയ്ക്കു കരുത്തു പകരുന്നത്. ചുരത്തിലെ ഉയർന്ന പ്രദേശങ്ങളായ കാമൽസ് ബാക്ക്, സേബു ലാ എന്നിവയുടെ നിയന്ത്രണം ഭൂമിശാസ്ത്രപരമായി ഇന്ത്യയ്ക്കു കരുത്തു പകരുന്നു. ഉയരത്തിലുള്ള ഇവിടെ നിന്നു ചൈനയെ കൃത്യമായി ഉന്നമിട്ട് ആക്രമിക്കാൻ ഇന്ത്യയ്ക്കു സാധിക്കും.രണ്ടുമാസത്തോളം പോരാട്ടം നീണ്ടുനിന്നു. ഇരുന്നൂറോളം ഇന്ത്യൻ സൈനികരും മുന്നൂറോളം ചൈനീസ് സൈനികരും കൊല്ലപ്പെട്ടുവെന്നാണ് കണക്ക്.

തുടർച്ചയായ തിരിച്ചടിക്ക് ശേഷം അരുണാചൽ പ്രദേശിൻ്റെ അവകാശവാദം ഉന്നയിച്ച് ചൈന രംഗത്ത് എത്തി. 1986 ആദ്യം മുതൽ തർക്കം ആരംഭിക്കുകയും 1987ൽ അരുണാചൽ പ്രദേശിലെ സുംദോറോംഗ് ചു താഴ്‌വരയിലേക്ക് ചൈനീസ് പട്ടാളം കടന്നു കയറുകയും ചെയ്‌തു. ഇന്ത്യൻ ആർമി ചീഫ് ജനറൽ കെ സുന്ദർജി അതിവേഗം വിഷയത്തിൽ ഇടപെടുകയും വ്യോമസേനയുടെ സഹായത്തോടെ ചൈനീസ് ക്യാമ്പുകൾ തകർത്തു. അതിർത്തിയിൽ നിന്ന് ചൈനീസ് പട്ടാളത്തെ പിൻവലിക്കണമെന്ന ആവശ്യം ഇന്ത്യ ശക്തമാക്കിയതോടെ ചൈനീസ് സൈന്യം പിന്മാറി തുടങ്ങി. 1993ൽ ആണ് ഇത് സംബന്ധിച്ച നിർണായക കരാർ ഉണ്ടായത്.

അതിർത്തിയിൽ ചെറിയ തോതിലുള്ള കടന്നു കയറ്റങ്ങൾ സംഭവിച്ചെങ്കിലും ഇന്ത്യ – ചൈന ബന്ധം വഷളായത് ദോക് ലാം വിഷയത്തിലാണ്. റോഡ് നിർമ്മാണത്തെ ചൊല്ലി 2017 ജൂണിലാണ് ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം ഉടലെടുത്തത്. 72 ദിവസത്തോളം അതിർത്തിയിൽ യുദ്ധസമാനമായ സാഹചര്യം നിലനിന്നു. ചർച്ചകൾക്ക് ശേഷം റോഡ് നിർമ്മാണം ഉപേക്ഷിച്ചു. ഈതോടെയാണ് ഇരു വിഭാഗം സൈനികരും പ്രദേശത്ത് നിന്നും പിൻവാങ്ങി.

Also Read :  കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾക്കായി ജില്ലകളില്‍ പ്രകടമായ നടപടി വേണം - ഡിജിപി

ഇതിന് മുൻപായി 2013ലാണ് അതിർത്തിയിൽ തർക്കമുണ്ടായത്. അക്‌സായി അതിർത്തിയിലെ ദൗളത് ബേഗ് ഓൾഡിയിൽ നിന്ന് 30 കിലോമീറ്റർ തെക്കായി റാക്കി നുളയിലെ അതിർത്തിയിൽ ചൈനീസ് സംഘം ക്യാമ്പ് ആരംഭിച്ചു. ഇതിന് പ്രതികാരമായി ഇന്ത്യൻ സൈന്യം 300 മീറ്റർ അകലെ സ്വന്തം ക്യാമ്പുകൾ നിർമ്മിച്ചു. ഹെലികോപ്‌റ്ററുകളും ട്രക്കുകളും പ്രദേശത്ത് എത്തിച്ച് ചൈന സാഹചര്യം വഷളാക്കി. മൂന്നാഴ്ചയോളമാണ് ഈ തർക്കം നീണ്ടുനിന്നത്.

ഏറ്റവും പുതിയ സംഘർഷം

മെയ് 5ന് പങ്ഗോങ് തടാകത്തിനടുത്ത് ഒരു വിഭാഗം സൈനികരും നേർക്കുനേർ എത്തുകയും കയ്യാങ്കളി വരെയെത്തിയ സ്ഥിതിയുണ്ടാകുകയും ചെയ്‌തു. മെയ് ഒൻപതിന് സിക്കിമിലെ നകു ലാ പാസിൽ സമുദ്രനിരപ്പിൽ നിന്ന് 19,000 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന അതിർത്തി പ്രദേശത്തൂടെ സഞ്ചരിച്ച ചൈനയുടെ പട്രോളിങ് സംഘത്തെ ഇന്ത്യൻ സൈന്യം തടഞ്ഞതും സാഹചര്യം വഷളാക്കി. ഇതോടെ ചൈനീസ് ഭരണകൂടം വിഷയത്തിൽ കൂടുതലായി ഇടപെട്ടു. അതിർത്തിയിൽ സേന വിന്യാസം ഉൾപ്പെടെയുള്ള നീക്കങ്ങൾ നടത്തൻ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് നിർദേശം നൽകുകയുമായിരുന്നു.

1962ലെ ഇന്ത്യ – ചൈന ഏറ്റുമുട്ടലിന് സാക്ഷ്യം വഹിച്ച അക്‌സായി മേഖലയിലെ ഗാൽവാൻ വാലി മേഖലയിലാണ് ഇരു വിഭാഗം സൈന്യവും നേർക്കുനേർ എത്തിയത്. പ്രദേശത്ത് ഇന്ത്യ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നുവെന്നും ചൈന ആരോപിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഷ്യോക് – ദൗളത് ബേഗ് ഓൾഡി റോഡ് നിർമ്മിച്ചതിനെതിരെയും ചൈന രംഗത്തുവന്നു. ഇതിനിടെ 2009ൽ ഇന്ത്യ ആർട്ടിക്കിൾ 370 റദ്ദാക്കിയത് അയൽരാജ്യത്തെ ചൊടിപ്പിച്ചു. ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമായി ഇന്ത്യ പ്രഖ്യാപിച്ചതാണ് ചൈനയുടെ എതിർപ്പിന് കാരണമായത്.

ഇന്ന് ഏറ്റവും ഒടുവിലുണ്ടായ സംഘർഷത്തിൽ ഒരു സൈനിക ഓഫീസറും രണ്ട് സൈനികരും കൊല്ലപ്പെട്ടുവെന്നാണ് ഇന്ത്യൻ ആർമി ഒദ്യോഗികമായി അറിയിച്ചിട്ടുള്ളത്.