വീണ്ടും ജയിക്കുന്നതിനായി ട്രംപ് ചൈനയുടെ സഹായം തേടിയെന്ന് വെളിപ്പെടുത്തല്‍

വാഷിങ്ടണ്‍: നവംബറില്‍ നടക്കുന്ന യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വീണ്ടും തിരഞ്ഞെടുക്കപ്പെടാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിന്റെ സഹായം തേടിയിരുന്നതായി വെളിപ്പെടുത്തല്‍. ട്രംപിന്റെ മുന്‍ സുരക്ഷ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്റെ പുതിയ പുസ്തകത്തിലാണ് ഇക്കാര്യമുള്ളത്. യുഎസില്‍ നിന്ന് കൂടുതല്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ വാങ്ങി തിരഞ്ഞെടുപ്പില്‍ വീണ്ടും ജയിക്കാന്‍ സഹായിക്കണമെന്നാണ് ട്രംപ് ഷി ജിന്‍പിങിനോട് ആവശ്യപ്പെട്ടെന്ന്‌ ജോണ്‍ ബോള്‍ട്ടണ്‍ പറയുന്നു.

വൈറ്റ്ഹൗസ് എങ്ങനെ പ്രവര്‍ത്തിപ്പിക്കണമെന്ന് ട്രംപിന് അറിയില്ലെന്നും പുസ്തകം പറയുന്നു. കോവിഡ്, ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തിലെ പ്രക്ഷോഭം തുടങ്ങിയ പ്രശ്‌നങ്ങളില്‍ വലയുന്ന ട്രംപ് ഭരണകൂടത്തിന് മുന്‍ ഉപദേഷ്ടവിന്റെ പുസ്തകം മറ്റൊരു തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

577 പേജുകളുള്ള പുസ്തകം പുറത്തിറങ്ങുന്നത് തടയാനുള്ള ശ്രമങ്ങളും ട്രംപ് ഭരണകൂടം ആരംഭിച്ചു. ജൂണ്‍ 23-നാണ് പുസ്തം പുറത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ബുധനാഴ്ച രാത്രി പുസ്തക പ്രകാശനം തടയുന്നതിനുള്ള അടിയന്തര ഉത്തരവ് തേടി സര്‍ക്കാര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനകം പുസ്‌കത്തിന്റെ ലക്ഷകണക്കിന് കോപ്പികള്‍ ലോകമെമ്പാടും വിതരണം ചെയ്യപ്പെട്ടതായി പ്രസാധകരായ സൈമണ്‍ & ഷസ്റ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ജപ്പാനിലെ ഒസാക്കയില്‍ നടന്ന ജി-20 ഉച്ചകോടിക്കിടെ ട്രംപ്-ഷി ജിന്‍പിങ് കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ ജോണ്‍ ബോള്‍ട്ടണ്‍ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. സ്വന്തം രാഷ്‌ട്രീയ താത്പര്യത്തിന് വേണ്ടി ദേശീയ താത്പര്യത്തെ ട്രംപ് എങ്ങനെ സമീപിച്ചുവെന്നതിന് തെളിവാണ് ചൈനീസ് പ്രസിഡന്റിനോട് സഹായം തേടിയതെന്നും ബോള്‍ട്ടന്‍ പറയുന്നു.

പ്രതികരിക്കാൻ ഇവിടെ എഴുതുക

ദയവായി പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ റിയൽ ന്യൂസ് കേരളയുടേതല്ല.

Related News

Latest News