ലോക പ്രശസ്ത ഫിലിം മാർക്കറ്റായ കാനിലേക്കു മലയാള ചലച്ചിത്രം ഈലം തിരഞ്ഞെടുക്കപ്പെട്ടു. വിനോദ് കൃഷ്ണ സംവിധാനം ചെയ്ത ഈലം, ജൂൺ 22 മുതൽ 26 വരെ നടക്കുന്ന ഫിലിം മാർക്കറ്റിൽ ചിത്രം സ്ക്രീൻ ചെയ്യും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരൂപകർക്കും പ്രേക്ഷകർക്കും ക്യുറേറ്റർമാർക്കും നിർമാണ കമ്പനികൾക്കും മുന്നിൽ സിനിമ മാർക്കറ്റ് ചെയ്യാനുള്ള വേദിയാണിത്. കോവിഡ് കാരണം ഇത്തവണ ഫിലിം മാർക്കറ്റ് ഓൺലൈൻ ആക്കുകയായിരുന്നു. പ്രശസ്തമായ ചെറുകഥയെ ആസ്പദമാക്കി വിനോദ് കൃഷ്ണ സംവിധാനം ചെയ്ത ഈലം, ഇറ്റലിയിൽ നിന്നുള്ള ഫ്ലോറൻസ് അവാർഡ് സ്വന്തമാക്കിയിരുന്നു. സംവിധായകനുള്ള സ്പെഷ്യൽ മെൻഷൻ പ്രൈസ് ആണ് ചിത്രത്തിന് ലഭിച്ചത്. 2020 മാർച്ചിൽ ഹോളിവുഡിലെ ഗോൾഡൻ സ്റ്റേറ്റ് ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും മികച്ച ഇന്റർനാഷണൽ ഫീച്ചർ ഫിലിമിനുള്ള അവാർഡും ഈലം നേടിയിരുന്നു. ഇതുകൂടാതെ പോർട്ടോറിക്കോയിൽ വെച്ച് നടന്ന ബയമറോൺ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ഏറ്റവും മികച്ച പരീക്ഷണ ചിത്രത്തിനുള്ള ജൂറി അവാർഡും കരസ്ഥമാക്കിയിരുന്നു.
ഈഗോ പ്ലാനറ്റിന്റെ ബാനറിൽ ജയ മേനോൻ, ഷിജി മാത്യു ചെറുകര, വിനയൻ നായർ എന്നിവരാണ് ഈലം നിർമ്മിച്ചത്. അജീഷ് ദാസന്റെ വരികൾക്ക് രമേശ് നാരായൺ സംഗീതം നൽകി ഷഹബാസ് അമൻ ആലപിച്ചിരിക്കുന്നു. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത് ബിജിബാൽ. തമ്പി ആന്റണി, കവിത നായർ, റോഷൻ എൻ. ജി, വിനയൻ, ജോസ്‌കുട്ടി മഠത്തിൽ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.