അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത് അവസാനമായി അഭിനയിച്ച ചിത്രം ദിൽ ബേചാരാ ഓൺലൈൻ റിലീസിനെത്തുന്നു. ജൂലൈ 24–ന് ഡിസ്നി ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസിനെത്തുന്നത്.
നവാഗതനായ മുകേഷ് ഛബ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുശാന്തിനെ കൂടാതെ സെയ്ഫ് അലി ഖാൻ, സഞ്ജന സാങ്കി എന്നിവരും വേഷമിടുന്നു. എ.ആർ റഹ്മാനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
2014ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ദി ഫോൾട്ട് ഇൻ ഔർ സ്റ്റാർസിന്റെ റീമേക്കാണ് ചിത്രം. ജോൺ ഗ്രീൻ എഴുതിയ ദി ഫോൾട്ട് ഇൻ ഔർ സ്റ്റാർസ് എന്ന നോവലിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഒരുക്കിയിരിക്കുന്ന ചിത്രം പ്രണയത്തിന്റെയും വിരഹത്തിന്റെയും കഥയാണ് പറയുന്നത്.
ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് നിർമിക്കുന്ന ചിത്രം മെയ് 8നാണ് റിലീസ് തീരുമാനിച്ചിരുന്നത്. കോവിഡിനെ തുടർന്ന് റിലീസ് മാറ്റിവച്ചെങ്കിലും സുശാന്തിന്റെ വിയോഗത്തെ തുടർന്നാണ് ഓൺലൈനിൽ റിലീസ് ചെയ്യാൻ നിർമാതാക്കൾ തീരുമാനിക്കുന്നത്.
സുശാന്തിന്റെ മരണത്തിനു പിന്നാലെ #DilBecharaOnBigScreen എന്ന ഹാഷ്ടാഗ് ട്രെൻഡിംഗ് ആയിരുന്നു. താരത്തെ ബിഗ് സ്ക്രീനിൽ കാണാനുള്ള ആഗ്രഹം കാരണം ചിത്രം തിയേറ്ററിൽ തന്നെ റിലീസ് ചെയ്യണമെന്നാശ്യപ്പെട്ടാണ് ആരാധകർ ഈ ഹാഷ്ടാഗുമായി എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക