കണ്ണൂർ : ശ്രീകണ്ടാപുരം പോലീസിന്റെ കോവിഡ് പ്രതിരോധ ഗാനം “ലക്ഷ്യമണയുവാൻ ” യൂ ട്യൂബിലൂടെ ജനങ്ങളിലേക്ക് . ശ്രീകണ്ടപുരം സ്റ്റേഷനിൽ വച്ചു കൂട്ടുമുഖം പിഎച്ച്സി മെഡിക്കൽ ഓഫിസർ ഡോക്ടർ അഞ്ജു മനുമാത്യുവും ശ്രീകണ്ടാപുരം പോലീസ് ഇൻസ്പെക്ടർ ഇ.പി സുരേശനും ചേർന്ന് റിലീസിംഗ് നിർവഹിച്ചു. ഗാനത്തിന്റ പ്രകാശനം ഇന്നലെ കണ്ണൂരിൽ വച്ചു കണ്ണൂർ റേഞ്ച് ഡിഐജി ശ്രീ.കെ സേതുരാമൻ നിർവഹിച്ചിരുന്നു.
ലോക്ക് ഡൗണിൽ ഇളവ് വന്നതോടെ ജനങ്ങൾ ജാഗ്രതയും കരുതലും കൈവെടിയരുതെന്നും, ഇനിയുമൊരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ടെന്നും ആൽബം ഓർമിപ്പിക്കുന്നു . അതുപോലെ ദൂരെ നാടുകളിൽ നിന്നും നാട്ടിൽ തിരിച്ചെത്തുന്ന നമ്മുടെ സോദരരെ പ്രവാസികൾ ഉൾപ്പെടെ ഉള്ളവരെ ഒറ്റപ്പെടുത്തരുതെന്നും അവരുടെ വേദനകളിൽ ആശ്വാസം പകരണമെന്നും ഗാനത്തിലൂടെ പോലീസ് ആവശ്യപ്പെടുന്നു.
ആൽബത്തിന്റെ ഗാനരചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സബ് ഇൻസ്പെക്ടർ രാധാകൃഷ്ണൻ എൻ ആണ് . രാഘവൻ ബ്ലാത്തൂർ സംഗീതം പകർന്ന ഗാനം പ്രശസ്ത പിന്നണി ഗായകൻ ബിജു നാരായണൻ ആണ് ആലപിച്ചിരിക്കുന്നത് . ആൽബത്തിന്റെ ആമുഖഭാഷണം നിർവഹിച്ചിരിക്കുന്നത് പത്മശ്രീ ഭാരത് മോഹൻലാൽ ആണ്. ആർ.കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീകണ്ടാപുരം പോലീസ് തന്നെയാണ് ആൽബം നിർമ്മിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക