കൊച്ചി∙ നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിലെ ഒന്നാം പ്രതി സരിത്തിനെ എൻഐഎ ചോദ്യം ചെയ്യുന്നു. കസ്റ്റംസ് കസ്റ്റഡിയിലുള്ള സരിത്തിനെ കൊച്ചിയിലെ ഓഫിസിലെത്തിയാണ് ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം കേസിൽ എൻഐഎ എഫ്ഐആർ ഫയൽ ചെയ്തതിനു പിന്നാലെ കസ്റ്റംസ് ഓഫിസിലെത്തി വിവരങ്ങൾ തേടിയിരുന്നു.
വരും ദിവസം സരിത്തിനെ കസ്റ്റഡിയിൽ വാങ്ങി എൻഐഎ ചോദ്യം ചെയ്യാനിരിക്കുകയാണെന്നാണ് വിവരം. ഇതിനു മുന്നോടിയായാണ് കസ്റ്റംസ് ഓഫിസിലെത്തിയുള്ള എൻഐഎയുടെ ചോദ്യം ചെയ്യൽ. സരിത്തിനു പുറമേ കേസിൽ പ്രതിസ്ഥാനത്തുള്ളവരുടെ വിവരങ്ങൾ കഴിഞ്ഞ ദിവസം സൗമ്യയുടെ മൊഴിയിൽ നിന്ന് കസ്റ്റംസിന് ലഭിച്ചിരുന്നു. ഈ വിവരങ്ങൾ എൻഐഎ ശേഖരിക്കുകയും എഫ്ഐആറിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.
ഇതിനു പുറമേ എൻഐഎയ്ക്ക് സ്വർണക്കടത്തിന്റെ തീവ്രവാദ ബന്ധങ്ങൾ സംബന്ധിച്ച വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ഇതെല്ലാം വരും ദിവസങ്ങളിൽ വിലയിരുത്തി കൂടുതൽ അന്വേഷണങ്ങളിലേയ്ക്ക് പോകേണ്ടതുണ്ട്. നിലവിൽ പ്രതി ചേർക്കപ്പെട്ടവരുടെ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ സരിത്തിൽ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
പ്രതികരിക്കാൻ ഇവിടെ എഴുതുക