മോനിഷ എന്ന സീരിയൽ താരത്തെ ഒരുപക്ഷേ പേരെടുത്ത് പറഞ്ഞാൽ മലയാളികൾ തിരിച്ചറിയണമെന്നില്ല. എന്നാൽ മഞ്ഞുരുകും കാലം എന്ന പരമ്പരയിലെ ജാനിക്കുട്ടി എന്ന് പറഞ്ഞാൽ അറിയാത്തവരും ചുരുക്കമാകും. മലയാളികൾക്ക് ജാനി സ്വന്തം വീട്ടിലെ കുട്ടിയാണ്. ജാനിയായി വേഷമിട്ട മോനിഷയ്ക്കും പറയാനുള്ളത് ഇത്ര വർഷം കഴിഞ്ഞും ജാനിക്ക് മലയാളികൾ നൽകുന്ന സ്നേഹത്തെക്കുറിച്ചാണ്. മുട്ടറ്റം മുടിയും സാരിയും ധരിച്ച് തനി മലയാളിയായി പ്രേക്ഷകന് മുന്നിലെത്തിയ മോനിഷയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട് ഈയിടെ വൈറലായിരുന്നു. തന്നെ കണ്ട് കണ്ട് തനിക്ക് തന്നെ ബോറടിച്ചപ്പോൾ ചെയ്ത ആ ഫോട്ടാേഷൂട്ടിനെക്കുറിച്ചും മലയാളികളുടെ സ്നേഹത്തെക്കുറിച്ചും മോനിഷ മനസ് തുറക്കുന്നു.
വർഷങ്ങൾക്കിപ്പുറവും ജാനിക്കുട്ടിയോടുള്ള സ്നേഹം
എന്റെ ആദ്യത്തെ സീരിയലായിരുന്നു മഞ്ഞുരുകും കാലം. അഭിനയത്തിലേക്കുള്ള ആദ്യത്തെ ചുവട്വയ്പ്പ്. വലിയ ഓഡിഷനൊന്നും ഉണ്ടായിരുന്നില്ല. കാസ്റ്റിങ്ങ് കാൾ കണ്ട് ഫോട്ടോ അയച്ചു കൊടുത്തു. പിന്നീട് ജോയ്സി സാറിനെ വീട്ടിൽ പോയി കണ്ടു. ഒരു സംഭാഷണം തന്നു, പറഞ്ഞു നോക്കാൻ. അത് ഓകെ ആയി. അങ്ങനെയാണ് സീരിയലിലേക്ക് തിരഞ്ഞെടുക്കുന്നത്. എനിക്ക് മുമ്പ് ജാനിക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് നികിത എന്ന പെൺകുട്ടിയായിരുന്നു. അവൾ അഭിനയിച്ചു കൊണ്ടിരുന്ന സമയത്ത് തന്നെയാണ് ഞാൻ ലൊക്കേഷനിൽ ചെല്ലുന്നതും ഷൂട്ടിങ്ങെല്ലാം കാണുന്നതും. അങ്ങനെയാണ് ഞാൻ ജാനിക്കുട്ടിയായി ഒദ്യോഗികമായി മാറുന്നത്.
ഭയങ്കര ബോൾഡ് ആയ കഥാപാത്രമായിരുന്നു ജാനിക്കുട്ടിയുടേത്. അതിനുശേഷം അങ്ങനെയൊരു കഥാപാത്രം എന്നെ തേടി വന്നിട്ടില്ല എന്നതാണ് സത്യം. പത്ത് സിനിമ തരുന്ന സ്വീകാര്യതയാണ് മഞ്ഞുരുകും കാലത്തിലൂടെ എനിക്ക് ലഭിച്ചത്. എവിടെ പോയാലും തിരിച്ചറിയപ്പെടുന്നു. പരമ്പര ചെയ്ത് ഇത്ര വർഷം കഴിഞ്ഞും ആ സ്നേഹവും സ്വീകാര്യതയും എനിക്ക് ലഭിക്കുന്നു എന്നത് തന്നെ വലിയ ഭാഗ്യമായാണ് ഞാൻ കാണുന്നത്.
വയനാട്ടിൽ നിന്ന് മിനിസ്ക്രീനിലേക്ക്
ഞാൻ വയനാട്ടുകാരിയാണ്. ഇവിടെ നിന്നൊരാൾ സിനിമ, സീരിയൽ മേഖലയിലേക്ക് വരുന്നത് വളരെ ചുരുക്കമാണ്. നമുക്ക് വലിയ ധാരണയില്ലാത്ത കാര്യമാണ്. എന്റെ വീട്ടിലെ കാര്യമെടുത്താൽ പത്ത് പേരോട് അഭിപ്രായം ചോദിച്ച് നല്ലതാണെന്ന് കേട്ടാൽ മാത്രം സിനിമയ്ക്ക് പോകുന്നവരാണ്. സ്കൂളിലും കോളേജിലുമെല്ലാം നാടകത്തിലുണ്ടായിരുന്നു എന്നല്ലാതെ സിനിമയും സീരിയലുമൊന്നും മനസിലില്ലായിരുന്നു. ഞാൻ എം.എ ചെയ്തത് എറണാകുളം സെന്റ് തെരേസാസിലാണ്. ഇവിടെ വന്നതിന് ശേഷമാണ് ഈ കാസ്റ്റിങ്ങ് കോളുകളും മറ്റും ശ്രദ്ധിക്കാൻ തന്നെ തുടങ്ങിയത്. എന്റെ കൂട്ടുകാരിയാണ് ഓഡിഷനായി ചിത്രമയക്കുന്നത് തന്നെ.
സീരിയൽ നടിമാരുടെ ‘ശാപം’
മഞ്ഞുരുകും കാലത്തിന് ശേഷം മറ്റൊരു മലയാളം സീരിയലിലും കൂടി ഞാൻ അഭിനയിച്ചിരുന്നു. അത് പക്ഷേ അത്ര ക്ലിക്കായില്ല. പിന്നീട് ചെയ്തത് തമിഴ് സീരിയലാണ്. തമിഴ് പ്രേക്ഷകരെ പറ്റി പറയാണെങ്കിൽ മലയാളികൾ തരുന്നതിന്റെ ഒരു അമ്പത് ശതമാനം സ്നേഹം കൂടുതൽ തരുന്നവരാണവർ. ഭയങ്കര സ്നേഹമാണ്. അവിടെയും എന്റെ കഥാപാത്രത്തിന്റെ പേര് ജാനു എന്നാണ്. അത് മറ്റൊരു യാദൃശ്ചികത. പക്ഷേ ഈ സീരിയൽ അഭിനേത്രിമാർക്കൊക്കെ കിട്ടുന്ന ഒരു ശാപമാണെന്ന് തോന്നുന്നു ഒന്നുകിൽ വേലക്കാരി, അല്ലെങ്കിൽ സദാ കരയുന്ന പെൺകുട്ടി. അങ്ങനെ തന്നെയാണ് എനിക്ക് ലഭിച്ച കഥാപാത്രങ്ങളും.
മിനിസ്ക്രീനും ബിഗ് സ്ക്രീനും
മഞ്ഞുരുകും കാലം ചെയ്യുന്ന സമയത്ത് സിനിമയിൽ നല്ല അവസരങ്ങൾ വന്നിരുന്നു. പക്ഷേ അന്ന് ഡേറ്റ് വലിയ പ്രശ്നമായി. പിന്നെ പൊതുവേ സിനിമാക്കാർക്ക് ഇത് സീരിയൽ ആർടിസ്റ്റ് ആണ് എന്ന മനോഭാവം ഉണ്ടെന്ന് തോന്നുന്നു. എനിക്കങ്ങനെ പലപ്പോഴും തോന്നിയിട്ടുണ്ട്. സിനിമയുടെ കാര്യത്തിന് പോകുന്ന സമയത്ത് സീരിയൽ ചെയ്തിട്ടുണ്ട് എന്ന് പറയണ്ടാട്ടോ എന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ തമിഴിൽ അങ്ങനെയല്ല. സിനിമയിലും സീരിയലിലും സജീവമായ താരങ്ങൾ നിരവധിയുണ്ട്. സിനിമയിലായാലും എന്തെങ്കിലും ചെയ്യാനുള്ള കഥാപാത്രങ്ങൾ വന്നാൽ ചെയ്യണം എന്നാണ് ആഗ്രഹം.
കണ്ട് കണ്ട് ബോറടിച്ചപ്പോൾ ചെയ്ത ഫോട്ടോഷൂട്ട്, പ്രതീക്ഷയ്ക്ക് അപ്പുറത്തെ പിന്തുണ
എനിക്ക് തന്നെ എന്നെ കണ്ട് കണ്ട് ബോറടിച്ചു. അതുകൊണ്ട് ചെയ്തതാണ് ആ ഫോട്ടോഷൂട്ട്. എന്നും ഈ സാരിയുടുത്ത് എന്നെ കണ്ട് എല്ലാവരുടെയും വിചാരം ഞാൻ ഭയങ്കര ട്രഡീഷണലാണ് എന്നാണ്. ശരിക്കുമുള്ള ഞാൻ നാടനും മോഡേണുമായ വേഷങ്ങൾ ഉപയോഗിക്കുന്ന ആളാണ്. എന്നാൽ, സാരി മാത്രമേ എനിക്ക് ചേരുള്ളൂ എന്നൊരു നിഗമനം പലർക്കുമുണ്ടായിരുന്നു. അതൊന്ന് ബ്രേക്ക് ചെയ്യണമെന്ന് തോന്നി. ഒരു ആർടിസ്റ്റിനെ സംബന്ധിച്ച് അവരുടെ ടൂൾ എന്ന് പറയുന്നത് അവർ തന്നെയാണ്. അതിൽ എങ്ങനെ വ്യത്യസ്തത വരുത്താമെന്ന് ചിന്തിച്ചപ്പോൾ ചെയ്ത് നോക്കിയതാണ്. പക്ഷേ അതിശയമെന്തെന്നാൽ നിരവധി പേരാണ് എനിക്ക് പിന്തുണ തന്നത്. നന്നായിട്ടുണ്ട്, ഇനിയും ചെയ്യണമെന്ന് പറഞ്ഞവരുണ്ട്. അതിലേറെ പേരും തമിഴ്നാട്ടിൽ നിന്നുള്ളവരാണ്. കുറേയേറെ പേർ ഇഷ്ടക്കേടും അറിയിച്ചു. ഞങ്ങളുടെ ജാനിക്കുട്ടി ഇങ്ങനെയല്ല എന്ന് പറഞ്ഞ്. ഒരു കഥാപാത്രം ആ സീരിയലോ സിനിമയോ തീരുന്നത് വരെയേ ഉള്ളൂ. മഞ്ഞുരുകും കാലം ചെയ്തു എന്ന് കരുതി എനിക്കെന്നും ജാനിക്കുട്ടിയായി ഇരിക്കാനാകില്ലല്ലോ. പക്ഷേ അവർ തരുന്ന ഈ സ്നേഹം എന്നത് ഏതൊരു കലാകാരന്റെയും ഭാഗ്യമാണ്. ഒരു കലാകാരന്റെ ബലമെന്നുള്ളത് അവന്റെ പ്രേക്ഷകൻ തന്നെയാണ്. അവരോടൊക്കെ വലിയ നന്ദിയാണ് എനിക്ക് പറയാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക