ക്രിക്കറ്റ് പ്രേമിയായ 8 വയസ്സുകാരനു കോവിഡ് കാലത്ത് ഓൺലൈൻ അസൈൻമെന്റ് നൽകി ഓസ്ട്രേലിയൻ ഏകദിന ക്യാപ്റ്റൻ ആരൺ ഫിഞ്ച്. ക്രിക്കറ്റ് എങ്ങനെ കളിക്കാം, നിയമങ്ങൾ എന്തൊക്കെ, ഫീൽഡിങ് പൊസിഷനുകൾ ഏതൊക്കെ എന്നു വിശദമാക്കുന്ന ‘ക്രിക്കറ്റ് മാഗസിൻ’ തയാറാക്കാനുള്ള തന്റെ നിർദേശം പയ്യൻ ഏറ്റെടുത്തു നടപ്പാക്കിയതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ ഫിഞ്ചും ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡും.
മെൽബണിലെ അലക്സ് അൽറ്റ്യൂബ് എന്ന വിദ്യാർഥിയാണു കഥാനായകൻ. കോവിഡിൽ ഓൺലൈൻ പഠനം തുടങ്ങിയതോടെ അലക്സ് അസ്വസ്ഥനായി.
വീടിനു പുറത്തേക്കിറങ്ങാതെയുള്ള പഠനം കുട്ടിയെ മാനസികമായി തകർക്കുമെന്നായപ്പോഴാണ് അധ്യാപിക കാതറീൻ ടെയ്ലർ മുഖേന വിഷയം ഫിഞ്ചിന്റെ മുൻപിലെത്തുന്നത്. ‘ക്രിക്കറ്റ് മാഗസിന്റെ’ കാര്യം ഒരു വിഡിയോ സന്ദേശത്തിലൂടെ അലക്സിനു ഫിഞ്ച് കൈമാറി.
തന്റെ ആരാധനാപാത്രങ്ങളിലൊരാൾ തനിക്കു നേരിട്ടു സന്ദേശമയച്ചതോടെ അലക്സിന്റെ ഉത്സാഹം കൂടി. അതിവേഗം അസൈൻമെന്റ് പൂർത്തിയാക്കി. അതോടെ, ഓൺലൈൻ പഠനത്തോടുള്ള കുട്ടിയുടെ എതിർപ്പ് മാറിയെന്നും അധ്യാപിക സാക്ഷ്യപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക