ഒരു കിലോ നല്ല മുല്ലപ്പൂത്തൈലത്തിന് വിപണിയില്‍ ഒരു ലക്ഷം രൂപയോളം വിലയുണ്ട്.ഇത് നിലത്തോ ചട്ടിയിലോ അനായാസം നടാം. രണ്ടായാലും വിളവു മോശമാകില്ല. ഒരു സെന്റ് സ്ഥലത്ത് 30 ചെടി വരെ നടാം. നട്ട് നാല്-അഞ്ച് മാസം മുതല്‍ വിളവെടുക്കാം. ഒരു ചെടിയില്‍ നിന്ന് വര്‍ഷം 600 ഗ്രാം മുതല്‍ ഒന്നര കിലോ വരെ പൂവു കിട്ടും. ഒരു കിലോ പൂവിന് 80 രൂപ മുതല്‍ 200 രൂപ വരെ സീസണനുസരിച്ച് വില കിട്ടും. നല്ല വിളവ് തരുന്ന നൂറു ചെടിയുണ്ടെങ്കില്‍ ഒരു വര്‍ഷം കുറഞ്ഞത് 12000 രൂപ വരുമാനവും പ്രതീക്ഷിക്കാം. കേരളത്തില്‍ എറണാകുളം, പാലക്കാട്, ആലപ്പുഴ തുടങ്ങിയ ജില്ലകളില്‍ വീട്ടമ്മമാരും, സന്നദ്ധ സംഘടനകളും, സ്വയംസഹായ സംഘങ്ങളും കുടുംബശ്രീ യുണിറ്റുകളും ഒക്കെ കൂട്ടായി കുറ്റിമുല്ല വളര്‍ത്തി മികച്ച വിളവു നേടിയിട്ടുണ്ട്.
മുല്ല പലതരമുണ്ട്. ശരിയായ മുല്ല ഒരു വള്ളിച്ചെടിയുമാണ്. ഇതിന്റെ സസ്യനാമം ജാസ്മിനം മള്‍ട്ടിഫ്ളോറം. കുരുക്കുത്തിമുല്ല എന്ന് വിളിപ്പേര്. സ്റ്റോര്‍ ജാസ്മിന് എന്നും വിളിക്കും. ശരിയായ ഇന്ത്യന്‍ മുല്ലച്ചെടിയാണിത്. ഇന്ത്യന്‍ കാലാവസ്ഥയില്‍ തണുപ്പുമാസങ്ങളിലാണ് ഈ മുല്ല പൂക്കുന്നത്. അതിനാലിതിന് മാഘമല്ലിക എന്നും പേരുപറയും. ചിലയവസരങ്ങളില്‍ ഇലകള്‍ പോലും കാണാനാവാത്ത വിധം പൂക്കള്‍ നിറയും എന്നതാണ് കുരുക്കുത്തിമുല്ലയുടെ പ്രത്യേകത, ഇന്ത്യയാണ് കുരുക്കുത്തിമുല്ലയുടെ ജന്മനാട്. തണ്ട് മുറിച്ചു നട്ടും പതിവച്ചും പുതിയ ചെടികള്‍ വളര്‍ത്തിയെടുക്കാം.
നമുക്ക് സുപരിചിതമായ പിച്ചിപ്പൂവാണ് ജാസ്മിനം ഗ്രാന്‍ഡിഫ്ളോറം; പിച്ചിമുല്ല, സ്പാനിഷ് ജാസ്മിന്, ജാതിമല്ലി എന്നൊക്കെ ഇതിനു പേരുകളുണ്ട്്. പിച്ചിയില്‍ ചില പ്രമുഖ ഇനങ്ങളുമുണ്ട്. സി ഒ 1 പിച്ചി, സിഒ 2 പിച്ചി, തിമ്മപുരം, ലക്നൗ തുടങ്ങിയവയാണിവ. ദക്ഷിണേഷ്യയാണ് ഇതിന്റെ ജന്മസ്ഥലം.
അറേബ്യന്‍ ജാസ്മിന് എന്നു പേരെടുത്ത ജാസ്മിനം സംബക് ആണ് പ്രചുരപ്രചാരം നേടിയ കുറ്റിമുല്ല. തെക്കു-കിഴക്കന്‍ ഏഷ്യയുടെ സന്തതിയാണ് കുറ്റിമുല്ലച്ചെടി. ഫിലിപ്പിന്‍സിലെ ദേശീയ പുഷ്പം കൂടെയാണ് കുറ്റിമുല്ല, അവിടെ ഇതിന് സംപാഗിത എന്നാണു പേര്. തമിഴില്‍ ഗുണ്ടുമല്ലിയും മലയാളത്തില്‍ ഇത് കുടമുല്ലയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക