റഷ്യയിലെ ഗമെലയ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടും റഷ്യൻ പ്രതിരോധ മന്ത്രാലയവും സംയുക്തമായാണ് സ്ഫുട്നിക്–5 വാക്സീൻ വികസിപ്പിച്ചെടുത്തത്. നിർമാണഘട്ടത്തിൽ ഗം–കോവിഡ്–വാക്–ലിയോ (Gam-COVID-Vac Lyo) എന്നായിരുന്നു വാക്സീന് നൽകിയിരുന്ന പേര്.
റഷ്യയുടെ കോവിഡ് വാക്സീൻ ആദ്യമായി പ്രയോഗിക്കപ്പെട്ട തന്റെ മകളിൽ ആന്റിബോഡി ഉൽപാദനം മികച്ച രീതിയിൽ നടന്നെന്ന് പുടിൻ അവകാശപ്പെടുന്നു. മകൾക്ക് ആദ്യം ചെറിയൊരു പനിയുണ്ടായിരുന്നു. രണ്ടാം ദിവസം അത് കുറഞ്ഞു. പിറ്റേന്ന് മികച്ച പ്രതിരോധ ശേഷി കാണിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു.
നേരത്തേ ഒരു കൂട്ടം വൊളന്റിയർമാരിലും ഈ വാക്സീൻ പരീക്ഷിച്ചിരുന്നു. ജൂൺ 18നാണു മനുഷ്യരിലുള്ള ക്ലിനിക്കൽ ട്രയൽ ആരംഭിച്ചത്. 38 വൊളന്റിയർമാർക്കാണ് ടെസ്റ്റ് ഡോസ് നൽകിയത്. അവർക്കെല്ലാവർക്കും 21–ാം ദിവസം മികച്ച രീതിയിൽ പ്രതിരോധശേഷി ലഭിച്ചെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ അവകാശവാദം.
തുടർന്ന് രണ്ടാം ഡോസ് നൽകി. അതോടെ പ്രതിരോധ ശേഷി ഇരട്ടിച്ചെന്നും റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് തലവൻ കിറിൽ ദിമിത്രിയുടെ അവകാശവാദം. നേരത്തേ മൃഗങ്ങളിലെ പരീക്ഷണത്തിലും കൊറോണവൈറസിനെതിരെ പ്രതിരോധത്തിൽ 100 ശതമാനമായിരുന്നു വിജയമെന്നും അദ്ദേഹം പറയുന്നു. ജൂലൈ 15ന് ആദ്യ ബാച്ച് ആശുപത്രി വിട്ടു, ജൂലൈ 20ന് രണ്ടാം ബാച്ചും. തുടർന്നായിരുന്നു ഓഗസ്റ്റ് 11ന് വാക്സീൻ റജിസ്റ്റർ ചെയ്യാനുള്ള തീരുമാനം. 2021 ജനുവരി ഒന്നു മുതൽ സാധാരണക്കാർക്കും വാങ്ങാവുന്ന വിധം വാക്സീൻ ലഭ്യമാക്കിത്തുടങ്ങും.
അഡനോവൈറസ് അടിസ്ഥാനമാക്കിയുള്ള വാക്സീനാണ് ഗമലെയയിൽ വികസിപ്പിച്ചതെന്ന് നാഷനൽ റിസർച് സെന്റര് തലവൻ അലക്സാണ്ടർ ഗിന്റ്സ്ബർഗ് പറയുന്നു. ഈ വൈറസിനൊപ്പം കോവിഡ്19നു കാരണമായ സാർസ് കോവ് 2 വൈറസിന്റെ സ്പൈക്ക് പ്രോട്ടീനുമുണ്ടാകും. വൈറസിന്റെ പുറത്തു കാണുന്ന മുന പോലുള്ള ഭാഗമാണ് സ്പൈക്ക് പ്രോട്ടിൻ. ഇതാണ് മനുഷ്യശരീര കോശങ്ങളുമായി ബന്ധം സ്ഥാപിക്കാൻ വൈറസിനെ സഹായിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക