മലപ്പുറത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടികയില്‍ മുഖ്യമന്ത്രിയും. ആരോഗ്യവകുപ്പ് തയ്യാറാക്കിയ സമ്പര്‍ക്കപ്പട്ടികയിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരുമുള്ളത്.
കഴിഞ്ഞ ദിവസം മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇന്ന് കളക്ടര്‍ ഉള്‍പ്പെടെ 20 ലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
ജില്ലാ കളക്ടര്‍, പെരിന്തല്‍മണ്ണ സബ് കളക്ടര്‍, പെരിന്തല്‍മണ്ണ എ.എസ്.പി എന്നിവര്‍ക്കാണ് രോഗബാധ. അസിസ്റ്റന്റ് കളക്ടര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
കരിപ്പൂര്‍ അപകട സമയത്ത് ഇവര്‍ നിരവധി പേരുമായി ബന്ധപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയും ഗവര്‍ണറും സ്പീക്കറും ആരോഗ്യമന്ത്രിയും നിരവധി മന്ത്രിമാരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ചീഫ് സെക്രട്ടറിയും അടക്കം നിരവധി പേര് അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഇവിടെ എത്തിയിരുന്നു. ഇവരുമായെല്ലാം സമ്പര്‍ക്കം ഉണ്ടായ സാഹചര്യത്തില്‍ കൂടിയാണ് മുഖ്യമന്ത്രിയടക്കമുള്ളവരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടത്.
പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ള ഡി.ജി.പി ലോക്നാഥ് ബെഹ്റ ഇതിനകം തന്നെ ക്വാറന്റീനില്‍ പോയിട്ടുണ്ട്. മലപ്പുറത്ത് കളക്ട്രേറ്റ് തന്നെ താത്ക്കാലികമായി അടച്ചിരിക്കുകയാണ്.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ മുന്നില്‍ നിന്ന് നയിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് തന്നെ കൊവിഡ് പിടിപെട്ടത് വലിയ ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക