പൂട്ടിക്കിടക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലിൽ അതിക്രമിച്ചുകയറി മോഷണം നടത്തിയ സംഭവത്തിൽ അഞ്ച് സ്ത്രീകൾ അറസ്റ്റിൽ. കോയമ്പത്തൂർ ഗാന്ധിനഗർ സ്വദേശികളായ ജ്യോതി രാഘവൻ (25), മിത്ര ജസ്വിൻ (21), അമ്മു വിനോദ് (20), പൊന്നി അപ്പു (16), സെൽഫി സുരേഷ് (20) എന്നിവരാണ് പിടിയിലായത്.
എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷന് സമീപം പൂട്ടിക്കിടക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലിൽ അതിക്രമിച്ചുകയറി ടെലിവിഷനും ഗൃഹോപകരണങ്ങളും പാത്രങ്ങളുമാണ് ഇവർ മോഷ്ടിച്ചത്.
ബ്യൂമോണ്ട് ഹോട്ടലിൽ നിന്നാണ് പ്രതികൾ മോഷണം നടത്തിയത്. മോഷ്ടിച്ച സാധനങ്ങളുമായി പോകുന്ന പ്രതികളെ കണ്ട പൊലീസ് ഉദ്യോഗസ്ഥർ തടഞ്ഞുനിറുത്തി ചോദ്യം ചെയ്തപ്പോഴാണ് കൈവശമുള്ളത് മോഷണമുതലാണെന്ന് തെളിഞ്ഞത്.
കസ്റ്റഡിയിലെടുത്ത പ്രതികളെ വിശദമായി ചോദ്യം ചെയ്തതോടെ മുമ്പും മോഷണം നടത്തിയതായി തെളിഞ്ഞു. വില്പന നടത്തിയ സാധനങ്ങൾ, അവ വാങ്ങിയ സ്ഥാപനങ്ങളിൽ നിന്നും പൊലീസ് പിടിച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക