Home EDITORIAL ഞാൻ വിരമിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നോ? ചോദ്യം ബാക്കിയാക്കി ‘തല’ മടങ്ങുമ്പോൾ; ‘ധോണിസത്തിന്റെ 16 വർഷങ്ങൾ’

ഞാൻ വിരമിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നോ? ചോദ്യം ബാക്കിയാക്കി ‘തല’ മടങ്ങുമ്പോൾ; ‘ധോണിസത്തിന്റെ 16 വർഷങ്ങൾ’

മുംബൈയുടെയോ ഡൽഹിയുടെയോ കർണാടകയുടെയോ ബംഗാളിന്റെയോ ഒന്നും ക്രിക്കറ്റ് പാരമ്പര്യമില്ലാത്ത പ്രദേശമാണ് ജാർഖണ്ഡ്. എന്നാൽ കാടും മേടും നിറ‍ഞ്ഞ ഈ പ്രദേശത്ത് കളിയാവേശം നിലനിന്നിരുന്നു. തലസ്ഥാനമായ റാഞ്ചിയിലെ ജവാഹർ വിദ്യാമന്ദിരം സ്കൂളിൽ പഠിക്കുകയായിരുന്ന മഹേന്ദ്രസിങ് ധോണി എന്ന രജപുത്ര ബാലന്റെ സിരകളിലും അതിന്റെ തുടിപ്പുകൾ കണ്ടു. ബാ‍ഡ്മിന്റണിലും ഫുട്ബോളിലുമായിരുന്നു പയ്യനു താൽപര്യം. ഫുട്ബോൾ ഗോൾകീപ്പറായി നന്നായി പന്ത് പിടിക്കുമായിരുന്ന കുട്ടിയെ കേശവ് രഞ്ജൻ ബാനർജി എന്ന സ്കൂൾ അധ്യാപകൻ ക്രിക്കറ്റിലേക്കു തിരിച്ചുവിട്ടു. സെന്റ് സേവ്യേഴ്സ് കോളജിലെ പഠനത്തിനിടയിൽ സ്റ്റേറ്റ് ബ്ലെയ്സർ അണിഞ്ഞ ധോണി 23–ാം വയസ്സിൽ ഇന്ത്യൻ ടീമിലേക്കു നടന്നുകയറി. 2004ൽ ചിറ്റഗോങിൽ ബംഗ്ലാദേശിന് എതിരെ ആയിരുന്നു അരങ്ങേറ്റം. അവിടെത്തുടങ്ങുന്നു ഇന്ത്യൻ ക്രിക്കറ്റിലെ ‘ധോണിസ’ത്തിന്റെ വസന്തകാലം.

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ സ്ഥിതി രൂക്ഷം; തടവുകാരന്‍ കോവിഡ് ബാധിച്ച്‌ മരിച്ചു; സംസ്ഥാനത്ത് ഇന്ന് ഏഴ് മരണം

അരങ്ങേറ്റ മത്സരത്തിൽ ആദ്യത്തെ പന്തിൽ തന്നെ പൂജ്യത്തിനു റൺ ഔട്ടായി മടങ്ങിയ അതേ ധോണിയാണ് പിന്നീട് മൂന്നു ഐസിസി ട്രോഫികളും ഇന്ത്യയിലേക്ക് കൊണ്ടുവന്ന ഏക നായകനായതും. 2007ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ട്വന്റി20 ലോകകപ്പിൽ പാക്കിസ്ഥാനെ തോൽപ്പിച്ചാണ് ആദ്യ കിരീട നേട്ടം. 24 വർ‌ഷങ്ങൾക്കു ശേഷം ഇന്ത്യൻ മണ്ണിലേക്ക് മറ്റൊരു ലോകകപ്പ്. പിന്നീട് 2011ൽ ഏകദിന ലോകകപ്പും 2013ൽ ചാംപ്യൻസ് ട്രോഫിയും ധോണിയുടെ കൈകളിലൂടെ ഇന്ത്യ ഏറ്റുവാങ്ങി.

ഈ കാലയളവിൽ ക്രിക്കറ്റിലെ ഏറ്റവും പ്രോമിസിങ് ടീമായി ഇന്ത്യ വളർന്നു കഴിഞ്ഞിരുന്നു. 2009ൽ ആദ്യമായി ടെസ്‌റ്റ് ക്രിക്കറ്റിൽ ഇന്ത്യയെ ഒന്നാമതെത്തിച്ചും ധോണിയാണ്. വിജയം വരുമ്പോൾ അതു കൂട്ടുകാർക്കാകെ പങ്കുവച്ചും പരാജയപ്പെടുമ്പോൾ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തും മുന്നേറുന്ന എംഎസ്ഡി ‘മിസ്റ്റർ കൂൾ’ ആയും ‘മിസ്റ്റർ ഡിപ്പെൻഡബിൾ’ ആയും ഒക്കെ രാജ്യാന്തര രംഗങ്ങളിൽപോലും പ്രകീർത്തിക്കപ്പെട്ടു.

ഗാലറികളിലേക്കു സിക്സർ പറത്തുന്ന ‘ഹെലികോപ്റ്റർ ഷോട്ടു’കളുടെ ഉടമ, വിക്കറ്റിനു പിന്നിൽ ഏതു വിഷമകരമായ കോണിലും പറന്നെത്താൻ കഴിയുന്ന കൈകൾക്കും ഉടമയാക്കി.റൺ പ്രവാഹം കുറഞ്ഞപ്പോൾ മഹിയുടെ ‘രക്തത്തിനായി’ ക്രിക്കറ്റ് അധികാരികൾ ദാഹിക്കുന്നതും കണ്ടു. മനംമടുത്താവണം താൻ ടെസ്റ്റ് ക്രിക്കറ്റിനോടു വിട വാങ്ങുകയാണെന്ന് ആറ് വർഷം മുമ്പ് ധോണി പ്രഖ്യാപിച്ചത്. 90 ടെസ്റ്റുകൾ കളിച്ച ധോണി ക്രീസ് വിട്ടു. ഇപ്പോൾ ആ മുറവിളികൾക്ക് വീണ്ടും ആക്കം കൂടിയപ്പോൾ ധോണി സ്റ്റൈലിൽ വീണ്ടും ഒരു  ‘ഹെലികോപ്റ്റർ ഷോട്ട്’. രാജ്യാന്തര ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ.

Also Read :   എയര്‍ടെല്‍ ഇനി ഗൂഗിളിന്റെയും സ്വന്തം; ഭാരതി എയര്‍ടെലില്‍ 700 ദശലക്ഷം ഡോളര്‍ നിക്ഷേപിച്ച് 1.28 ശതമാനം ഓഹരി ഗൂഗിള്‍ വാങ്ങും !