തുര്‍ക്കിയുടെ പ്രഥമ വനിതയും പ്രസിഡന്റ് ഉര്‍ദുഗാന്റെ ഭാര്യയുമായ എമിനെ ഉര്‍ദുഗാനെ സന്ദര്‍ശിച്ച് ബോളിവുഡ് നടന് ആമിര്ഖാന്. ഇസ്താംമ്പൂളിലെ പ്രസിഡന്റിന്റെ വസതിയില്‍ ചെന്നാണ് ആമിര്ഖാന് കൂടിക്കാഴ്ച്ച നടത്തിയത്. സാമൂഹ്യ പ്രതിബദ്ധത ഉയര്‍ത്തുന്ന പ്രൊജക്ടുകള്‍ സംബന്ധിച്ച് ആമിര്ഖാന് സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് കൂടിക്കാഴ്ച്ച നടന്നതെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയില്‍ വരള്‍ച്ച അനുഭവിക്കുന്ന സംസ്ഥാനങ്ങളില്‍ ആമിര്‍ഖാന്റെ നേതൃത്വത്തില്‍ ജലസേചന പദ്ധതികള്‍ ആവിഷ്കരിച്ചിരുന്നു. ആമിര്‍ഖാന്റെ ഭാര്യ കിരണ്‍ റാവു കുറച്ചുകാലം തുര്‍ക്കിയില്‍ കഴിഞ്ഞിരുന്നുവെന്നും ഇന്ത്യയിലെയും തുര്‍ക്കിയിലെയും സമൂഹം ഏകദ്ദേശം ഒരേ രീതിയിലുള്ളതാണെന്നും ആമിര്ഖാന് പറഞ്ഞു.
എമിനെ ഉര്‍ദുഗാനും സാമൂഹിക മനുഷ്യാവകാശ തലത്തിലുള്ള പ്രൊജക്ടുകളുമായി മുന്നോട്ടു പോകുന്നതായും സിനിമയിലെയും പുറത്തെയും സാമൂഹിക ഇടപെടലുകളില്‍ തന്നെ അവര്‍ അഭിനന്ദിച്ചുവെന്നും ആമിർ കൂട്ടിച്ചേർത്തു. ഹോളിവുഡ് ചിത്രം ‘ഫോറസ്റ്റ് ഗമ്പി’ന്റെ ഹിന്ദി റീമേക്കായ ‘ലാല്‍ സിംഗ് ഛദ്ദ’യുടെ ചിത്രീകരണത്തിനായാണ് താരം കഴിഞ്ഞയാഴ്ച്ച തുര്‍ക്കിയിലെത്തിയത്. കോവിഡ് മൂലം ‘ലാല്‍ സിംഗ് ഛദ്ദ’യുടെ ചിത്രീകരണം മുടങ്ങിയിരുന്നു. ചിത്രീകരണ സ്ഥലത്തേക്ക് പ്രസിഡന്റിനെ ക്ഷണിച്ചുകൊണ്ടാണ് ഇരുവരുടെയും കൂടിക്കാഴ്ച അവസാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക