വഴക്കുകൾക്കും വിവാദങ്ങൾക്കും വിട. മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്ത വനിതാ പൊലീസുകാരിയുമായി വാക്പോരിൽ ഏർപ്പെട്ട് വിവാദ നായികയായ, ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ഇപ്പോഴിതാ ഒരു സൽകൃത്യത്തിന്റെ പേരിൽ ആരാധകരുടെ കയ്യടി നേടുന്നു.
കഴിഞ്ഞ ദിവസം ജന്മദിനം ആഘോഷിച്ച റിവാബ, കാഴ്ചപരിമിതരെ സഹായിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി മരണശേഷം തന്റെ കണ്ണുകൾ ദാനം ചെയ്യാൻ തീരുമാനിച്ചു. റിവാബയ്ക്ക് ജന്മദിനാശംസകൾ നേർന്ന് രവീന്ദ്ര ജഡേജ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
‘ദൈവാനുഗ്രഹത്താൽ, ഒരു മനുഷ്യശരീരത്തിന് ആവശ്യമായ അവയവങ്ങളെല്ലാം എനിക്കുണ്ട്. കാഴ്ചപരിമിതരുടെ വിഷമങ്ങൾ മനസ്സിലാക്കാൻ സാധിക്കാതെ പോകുന്നത് ഒരുപക്ഷേ, അതുകൊണ്ടാകാം. പക്ഷേ, ഏതെങ്കിലും വിധത്തിൽ അവർക്ക് സഹായം ഉറപ്പാക്കാൻ എനിക്ക് സാധിക്കുമെങ്കിൽ അതിൽ അഭിമാനിക്കുന്നു’ – റിവാബ പറഞ്ഞു.
‘ഇപ്പോൾ എന്റെ ഉള്ളിൽ അലയടിക്കുന്ന ആഹ്ലാദം പറഞ്ഞറിയിക്കാൻ വാക്കുകളില്ല. എന്നെ സംബന്ധിച്ച് വളരെയധികം സമാധാനം നൽകുന്ന, സംതൃപ്തി നൽകുന്ന നിമിഷമാണിത്. നമ്മുടെയൊക്കെ മരണം ആർക്കെങ്കിലുമൊക്കെ ഉപകാരപ്രദമാകുന്നതിന് ഇത്തരം നല്ല കാര്യങ്ങൾ ചെയ്യാൻ ഞാൻ എല്ലാവരോടും ആഹ്വാനം ചെയ്യുന്നു’ – കണ്ണുകൾ ദാനം ചെയ്യാനുള്ള തീരുമാനം പരസ്യമാക്കി റിവാബ പറഞ്ഞു.
ഴിഞ്ഞ വർഷം റിവാബ ബിജെപിയിൽ ചേർന്നത് വലിയ വാർത്തയായിരുന്നു. അതിനു മുൻപ് രവീന്ദ്ര ജഡേജയ്ക്കൊപ്പം അവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചിരുന്നു. തുടർന്ന് ഗുജറാത്തിൽ കർണിസേനയുടെ വനിതാ വിഭാഗം അധ്യക്ഷയായി ഇവരെ നിയമിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് നൽകിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക