വിവാഹാഘോഷങ്ങൾക്ക് വേദിയായി മട്ടാഞ്ചേരിയിലെ കോവിഡ് പരിചരണ കേന്ദ്രം. വധുവിന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതോടെയാണ് കോവിഡ് പരിചരണ കേന്ദ്ര വിവാഹവേദി ആയത്. മട്ടാഞ്ചേരി പുതിയ റോഡ് നാസറിന്റെ മകൻ നിയാസും ഫോർട്ട്കൊച്ചി കുന്നുംപുറം പള്ളിപറമ്പിൽ പരേതനായ ലുക്ക്മാന്റെ മകൾ ഫായിസയും തമ്മിലുള്ള വിവാഹം വ്യാഴാഴ്ച്ചയാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, ബുധനാഴ്ച നടന്ന കോവിഡ് പരിശോധനയിൽ ഫായിസയ്ക്ക് രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. ചെറിയ പണിയുണ്ടായതിനെ തുടർന്നാണ് ഫായിസയെ പരിശോധിച്ചത്. തുടർന്ന് ഫായിസയെ മട്ടാഞ്ചേരി ടൗൺഹാളിലെ കോവിഡ് സെന്ററിലേക്ക് മാറ്റുകയായിരുന്നു.
എന്നാൽ , അക്കാരണം കൊണ്ട് വിവാഹം മാറ്റിവയ്ക്കാനൊന്നും ആരും തയ്യാറായില്ല. പിതാവ് മരിച്ചതിനാൽ വധുവിന്റെ പിതാവിന്റെ സഹോദരൻ ഷൗക്കി വരന് നിക്കാഹ് ചെയ്ത് കൊടുത്തു. അതേസമയം, കൂടെയുണ്ടായിരുന്ന രോഗികൾ ചേർന്ന് ടൗൺഹാൾ ആഘോഷ കേന്ദ്രമാക്കി മാറ്റുകയായിരുന്നു. വധുവിന് അണിയാനുള്ള വസ്ത്രങ്ങളും മറ്റും ബന്ധുക്കൾ തലേദിവസം വൈകിട്ട് എത്തിച്ചു നൽകിയിരുന്നു. കോവിഡ് പരിചരണ കേന്ദ്രത്തിൽ നടന്ന വിവാഹാഘോഷ ചടങ്ങുകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക