Home LATEST NEWS ഒരു യുഗം അവസാനിക്കുമ്പോൾ; എസ്പിബി എന്ന ചരിത്രത്തിലൂടെ ഒരു തിരിഞ്ഞു നോട്ടം

ഒരു യുഗം അവസാനിക്കുമ്പോൾ; എസ്പിബി എന്ന ചരിത്രത്തിലൂടെ ഒരു തിരിഞ്ഞു നോട്ടം

എല്ലാ പ്രാര്‍ത്ഥനകളും വിഫലമാക്കിയാണ് വിഖ്യാത ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യം വിടപറഞ്ഞത്. 74 വയസിലും തന്റെ ശബ്ദത്തില്‍ ചെറുപ്പം സൂക്ഷിച്ചിരുന്ന മഹാപ്രതിഭയുടെ വിടവാങ്ങല്‍ സംഗീത ലോകത്തിന് ഏല്‍പ്പിക്കുന്ന ആഘാതം ചെറുതല്ല. പ്രണയ തീവ്രതയും വിരഹ ദുഃഖവും ആഘോഷങ്ങളുമെല്ലാം അദ്ദേഹത്തിന്റെ ശബ്ദത്തിലൂടെ കേള്‍വിക്കാരന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി. പാട്ടുകളിലൂടെ ചിരിപ്പിക്കുകയും കരയിക്കുകയും നൃത്തം ചെയ്യിക്കുകയും ചെയ്ത സംഗീതമാന്ത്രികന്‍ ഒരുപാട് ഈണങ്ങള്‍ ബാക്കിവെച്ചാണ് വിടപറഞ്ഞത്.

അഞ്ച് പതിറ്റാണ്ടില്‍ അധികം നീണ്ടു നില്‍ക്കുന്ന സംഗീത ജീവിതത്തില്‍ വിവിധ ഭാഷകളിലായി 40,000 ഗാനങ്ങളാണ് അദ്ദേഹം ആലപിച്ചത്. ആന്ധ്ര പ്രദേശിലെ നെല്ലോര്‍ ജില്ലയില്‍ 1946 ജൂണ്‍ നാലിനാണ് ബാലസുബ്രഹ്മണ്യം ജനിക്കുന്നത്. 1966 ല്‍ 20ാം വയസിലായിരുന്നു തെലുങ്ക് സിനിമയായ ശ്രീ ശ്രീ മര്യാദ രാമനില്‍ പാടിക്കൊണ്ട് പിന്നണി ഗാനരംഗത്തേക്ക് ചുവടുവെക്കുന്നത്. ആദ്യ സിനിമയുടെ റെക്കോഡിങ് കഴിഞ്ഞ് ആറാം ദിവസം തന്റെ ആദ്യത്തെ കന്നട ചിത്രത്തിലും അദ്ദേഹം പാടി. 1969 ലായിരുന്നു തമിഴ് സിനിമ രംഗത്തേക്ക് എത്തുന്നത്. ഹോട്ടല്‍ രംഭ എന്ന ചിത്രത്തിലൂടെ എല്‍ ആര്‍ ഈശ്വരിക്കൊപ്പം ഡ്യുവറ്റ് പാടിയായിരുന്നു തുടക്കം.

ആ ചിത്രം വെളിച്ചം കണ്ടില്ലെങ്കിലും തമിഴ് സംഗീത രംഗത്തെ മുന്‍നിര ഗായകനായി മാറാന്‍ വളരെ പെട്ടെന്ന് അദ്ദേഹത്തിന് കഴിഞ്ഞു. കടല്‍ പാലം എന്ന ചിത്രത്തിലൂടെ ജി ദേവരാജന്‍ മാസ്റ്ററാണ് എസ്പിബിയെ മലയാളത്തിന് സമ്മാനിക്കുന്നത്.പാട്ടുപാടാന്‍ എസ്പിബിക്ക് ഭാഷ ഒരിക്കലും പ്രതിസന്ധിയായിരുന്നില്ല. മികച്ച ഗായകനുള്ള ആറ് ദേശിയ പുരസ്‌കാരങ്ങളാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. കൂടാതെ പത്മഭൂഷന്‍, പത്മശ്രീ എന്നിവ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള ഗായകന്‍ എന്ന ഗിന്നസ് റെക്കോഡും എസ്പിബിയുടെ പേരിലാണ്.‌. തമിഴ് സിനിമാഗാനങ്ങളിലൂടെയാണ് എസ്പിബി ആരാധക ശ്രദ്ധയിലേക്ക് എത്തുന്നത്. ഇത് കൂടാതെ കന്നട, തെലുങ്ക്, മലയാളം ചത്രങ്ങളിലായി നിരവധി ഗാനങ്ങള്‍ ആലപിച്ചു. അതിനൊപ്പം ഹിന്ദിയിലും ശ്രദ്ധേയനായതോടെ ഇന്ത്യയുടെ ശബ്ദമായി അദ്ദേഹം മാറി.

ഗായകന്‍, സംഗീത സംവിധായകന്‍ നടന്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളില്‍ തെന്നിന്ത്യയും മറികടന്ന് ലോകപ്രശസ്തനായ ബഹുമുഖ പ്രതിഭയാണ് എസ്.പി.ബാലസുബ്രമണ്യം. ആറ് ദേശീയ പുരസ്‌കാരങ്ങള്‍, ആന്ധ്ര പ്രദേശ് സര്‍ക്കാരിന്റെ 25 നന്ദി പുരസ്‌കാരങ്ങള്‍, കലൈമാമണി, കര്‍ണാടക, തമിഴ്നാട് സര്‍ക്കാരുകളുടെ പുരസ്‌കാരങ്ങള്‍,ബോളിവുഡ്- ദക്ഷിണേന്ത്യന്‍ ഫിലിംഫെയര്‍ പുരസ്‌കാരങ്ങള്‍….ബഹുമതികള്‍ നിരവധി.

റെക്കോഡിങ്ങിനായി ഒരു ദിവസം ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയ റെക്കോർഡും എസ്പിബിയ്ക്ക് സ്വന്തമാണ്. കന്നട സംഗീത സംവിധായകൻ ഉപേന്ദ്രകുമാറിന് വേണ്ടി 12 മണിക്കൂറുകൾ 21 ഗാനങ്ങൾ പാടിയാണ് എസ്പിബി ഈ റെക്കോർഡ് നേടിയത്.

കല സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖരാണ് എസ്പിബിക്ക് അനുശോചനം അറിയിച്ച് രംഗത്തെത്തിയത് .

Also Read :  ഇനി മുതല്‍ സേവ് ദി ഡേറ്റ് വിത്ത് കെ.എസ്.ആര്‍.ടിസി ഡബില്‍ ഡെക്കര്‍

ഗായകന്‍, സംഗീത സംവിധായകന്‍ നടന്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളിലെല്ലാം തിളങ്ങിയ എസ്.പി.ബിക്ക് ലോകം വിടചൊല്ലുമ്പോള്‍ ബാക്കിയാവുന്നത് 16 ഇന്ത്യന്‍ ഭാഷകളിലായി അദ്ദേഹം പാടിയ 40,000 ത്തിലധികം പാട്ടുകളാണ്

പ്രധാനമന്ത്രിയുടെ വാക്കുകൾ കടമെടുത്താൽ , പ്രിയപ്പെട്ട എസ്പിബി, താങ്കളുടെ വിയോഗത്തോടെ വിയോഗത്തിലൂടെ സാംസ്‌കാരിക ലോകം ദരിദ്രമാകുകയാണ്.