കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന കാർഷിക ബില്ലിനെതിരെ വലിയ പ്രക്ഷോഭങ്ങളാണ് കർഷകരുടെയും വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും ഭാഗത്തു നിന്നുണ്ടാകുന്നത്. കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധിച്ച് ശിരോമണി അകാലി ദൾ എൻഡിഎ മുന്നണി വിട്ടു. കാർഷിക ബില്ലിൽ നേരത്തെ തന്നെ ഇവർ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. മാത്രമല്ല, പാര്‍ട്ടിയുടെ പ്രതിനിധിയായ ഹര്‍സിമ്രത്ത് കൗര്‍ നേരത്തെ കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് രാജിവയ്ക്കുകയും ചെയ്തിരുന്നു.
പഞ്ചാബ്, സിഖ് വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അലംഭാവം കാട്ടുന്നതിലും കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില ഉറപ്പ് നല്‍കാത്തതിലും പ്രതിഷേധിച്ചാണ് ശിരോമണി അകാലിദള്‍ മുന്നണി വിടുന്നതെന്നാണ് വിവരങ്ങൾ. അതേസമയം, കാർഷിക ബില്ലുകൾ പുനഃപരിശോധിച്ചില്ലെങ്കിൽ മുന്നണി വിടുമെന്ന് അകാലി ദൾ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍ മുൻപുതന്നെ അറിയിച്ചിരുന്നു. ബില്ലുകളിൽ കർഷക പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തിലാണ് മുന്നണി വിടാനുള്ള തീരുമാനം അകാലി ദൾ കൈക്കൊണ്ടത്. കർഷക പ്രക്ഷോഭത്തെ തുടർന്ന് പഞ്ചാബിലേക്കുള്ള 28 ട്രെയിനുകളാണ് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ റദ്ധാക്കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക