കൊച്ചി: കൊവിഡ് പശ്ചാത്തലത്തിൽ താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന നിർദേശം എല്ലാവരും അംഗീകരിച്ചതായും ഇതിന്റെ പേരിൽ ആരേയും വിലക്കില്ലെന്നും മലയാള സിനിമ നിർമ്മാതാക്കളുടെ സംഘടന അറിയിച്ചു. നടൻമാരായ ടൊവിനോ തോമസും ജോജു ജോർജും ഇത് വിലക്കുമെന്ന അഭ്യൂഹം നിലനിന്നിരുന്നു. എന്നാൽ തങ്ങളുടെ പുതിയ ചിത്രത്തിലെ പ്രതിഫലം കുറയ്ക്കാൻ ജോജുവും ടൊവിനോയും തയ്യാറായിട്ടുണ്ടെന്നും അവർ അറിയിച്ചു.
തന്റെ പുതിയ ചിത്രത്തിന്റെ പ്രതിഫലം അൻപത് ലക്ഷത്തിൽ നിന്നും മുപ്പത് ലക്ഷമായി കുറയ്ക്കാൻ ജോജു ജോർജ് തയ്യാറായിട്ടുണ്ട്. പുതിയ ചിത്രത്തിൽ പ്രതിഫലം ഇല്ലാതെ അഭിനയിക്കാനുള്ള സന്നദ്ധത ടൊവിനോ തോമസും അറിയിച്ചിട്ടുണ്ട്. അഭിനയിക്കുന്ന സിനിമ റിലീസ് ചെയ്ത ശേഷം വിജയിച്ചാൽ നിർമ്മാതാവ് നൽകുന്ന ഷെയർ സ്വീകരിക്കാം എന്നാണ് ടൊവിനോ പറഞ്ഞത്.
കൊവിഡ് സാഹചര്യത്തിൽ സിനിമകൾ പ്രേക്ഷകരിലെത്തിക്കാനും ലാഭം നേടാനും ബുദ്ധിമുട്ടായതിനാൽ നിർമ്മാണ ചിലവ് കുറയ്ക്കണമെന്ന് നിർമ്മാതാക്കളുടെ സംഘടന തീരുമാനിച്ചിരുന്നു. ഇതിനായി താരങ്ങളും സാങ്കേതികപ്രവർത്തകരും പ്രതിഫലം കുറയ്ക്കണം എന്ന നിർദേശം ഫെഫ്ക, അമ്മ എന്നീ സംഘടനകളും അനുകൂലിച്ചതിന് പിന്നാലെയാണ് താരങ്ങളും ഈ തീരുമാനം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക