മലയാള ചലച്ചിത്ര അഭിനേതാക്കളുട സംഘടനയായ അമ്മയ്ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയ പാര്‍വതി തിരുവോത്ത്, രേവതി, പത്മപ്രിയ തുടങ്ങിയവരെ പിന്തുണച്ച് സംവിധായികയും നടിയുമായി ഗീതു മോഹന്‍ദാസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
നിങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജവും കരുത്തും ആശംസിക്കുന്നുവെന്ന് ഗീതു ഫേസ്ബുക്ക് പോസ്റ്റിലെഴുതി. ഇന്ന് തങ്ങള്‍ നടത്തുന്ന വിപ്ലവങ്ങള്‍ തിരിച്ചറിയപ്പെടണമെന്നില്ലെന്നും വരും തലമുറ ഈ നിലപാട് ഏറ്റെടുക്കുമെന്നും ഗീതു പറഞ്ഞു.
നമ്മള് തെരഞ്ഞെടുത്ത വഴികള്‍ സുഗമമല്ല. ഇന്ന് നാം നടത്തുന്ന വിപ്ലവങ്ങള്‍ തിരിച്ചറിയപ്പെട്ടുകൊള്ളണമെന്നില്ല , എന്നാല്‍ വരും തലമുറ നമ്മുടെ നിലപാട് ഏറ്റെടുക്കുക തന്നെ ചെയ്യും. ഇന്ന് സ്വസ്ഥരായിരിക്കുന്നവരുടെ സ്വാസ്ഥ്യം കെടുക തന്നെ ചെയ്യും. നമ്മളും നമ്മളുയര്‍ത്തിയ ശബ്ദങ്ങളും റദ്ദായിപ്പോവുകയില്ല- ഗീതു ഫേസ്ബുക്കിലെഴുതി.
എന്തുകാര്യത്തിനാണ് അസൂയ തോന്നേണ്ടത്? ഇടവേള ബാബുവിനോട് പാര്‍വതി
നിശബ്ദരാക്കപ്പെട്ടവരെയോ നിശബ്ദത പാലിക്കുന്നവരെയോ അല്ല നാം പിന്തുടരുന്നതെന്നും മനസാക്ഷി മരിച്ചിട്ടില്ലാത്തവരെ നമുക്ക് ആഘോഷിക്കാമെന്നും ഗീതു പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
പ്രിയപ്പെട്ട പാര്‍വ്വതി, രേവതിച്ചേച്ചി , പത്മപ്രിയ
നിങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജവും കരുത്തും ആശംസിക്കട്ടെ. നമ്മള് തിരഞ്ഞെടുത്ത വഴികള്‍ സുഗമമല്ല. ഇന്ന് നാം നടത്തുന്ന വിപ്ലവങ്ങള്‍ തിരിച്ചറിയപ്പെട്ടുകൊള്ളണമെന്നില്ല , എന്നാല്‍ വരും തലമുറ നമ്മുടെ നിലപാട് ഏറ്റെടുക്കുക തന്നെ ചെയ്യും. ഇന്ന് സ്വസ്ഥരായിരിക്കുന്നവരുടെ സ്വാസ്ഥ്യം കെടുക തന്നെ ചെയ്യും. നമ്മളും നമ്മളുയര്‍ത്തിയ ശബ്ദങ്ങളും റദ്ദായിപ്പോവുകയില്ല. നിശബ്ദരാക്കപ്പെട്ടവരെയോ നിശബ്ദത പാലിക്കുന്നവരെയോ അല്ല നാം പിന്തുടരുന്നത്. ഇനിയും മനസാക്ഷി മരിച്ചിട്ടില്ലാത്തവരെ നമുക്ക് ആഘോഷിക്കാം.
കഴിഞ്ഞ ദിവസമാണ് അമ്മയില്‍ നിന്നും രാജിവെയ്ക്കുന്നുവെന്ന് പറഞ്ഞ് നടി പാര്‍വതി തിരുവോത്ത് രംഗത്തെത്തിയത്. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു റിപ്പോര്‍ട്ടര്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ നിന്ന് സംഘടനയില്‍ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും പാര്‍വതി ഫേസ്ബുക്കില്‍ എഴുതിയിരുന്നു.
നേരത്തെ അമ്മയുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന പുതിയ മള്‍ട്ടിസ്റ്റാര്‍ ചിത്രത്തില്‍ നടി ഭാവന അംഗമാവില്ലെന്ന് ഇടവേള ബാബു പറഞ്ഞിരുന്നു. നിലവില്‍ ഭാവന അമ്മയുടെ അംഗമല്ല. മരിച്ചു പോയ ആളുകള്‍ തിരിച്ച് വരില്ലല്ലോ. അതുപോലെ ആണ് ഇതെന്നും ഇടവേള ബാബു റിപ്പോര്‍ട്ടര്‍ ചാനലിലെ പരിപാടിയില്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക