കണ്ണൂർ: കെ.എം.ഷാജി എംഎൽഎക്കെതിരായ വധഭീഷണി കേസിൽ ആരോപണവിധേയനായ തേജസ് മുൻകൂർ ജാമ്യാപേക്ഷ നൽകി. തലശേരി കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഇയാൾ വീട്ടിൽ നിന്ന് കടന്നു കളഞ്ഞതായായിരുന്നു പൊലീസിന് ലഭിച്ച വിവരം.
കണ്ണൂർ പാപ്പിനിശേരി സ്വദേശി തേജസ് ആണ് തന്നെ വധിക്കാൻ കൊട്ടേഷൻ നൽകിയതെന്നാണ് കെ.എം ഷാജി എം.എൽ.എയുടെ പരാതി. തേജസിനെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. ഖത്തറിൽ ജോലി ചെയ്തിരുന്ന ഇയാൾ ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് രണ്ട് മാസം മുൻപാണ് നാട്ടിലെത്തിയത്.
വധഭീഷണിയുണ്ടെന്ന് കെ.എം ഷാജി ആരോപണം ഉന്നയിച്ച ദിവസം ഇയാളെ വീട്ടിൽ നിന്ന് കാണാതായെന്നാണ് ബന്ധുക്കൾ പൊലീസിന് നൽകിയ മൊഴി. ഇയാൾ സജീവ രാഷട്രീയ പ്രവർത്തകനല്ലെന്നാണ് പൊലീസിന് ലഭിച്ച വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക