ചെന്നൈ: സ്വർണ്ണമാല കവരാൻ ശ്രമിച്ച മോഷ്ടാവിനെ ആത്മധൈര്യത്തോടെ നേരിട്ട് 82 കാരി. കണ്ണിൽ മുളകുപൊടി വിതറി പത്ത് പവന്റെ മാല കവരാനുള്ള യുവതിയുടെ ശ്രമത്തെയാണ് അംബിക എന്ന 82 കാരി തന്ത്രപരമായി നേരിട്ടത്. ചെന്നൈയിൽ വെസ്റ്റ് താംബരത്താണ് സംഭവം.
വാടകയ്ക്ക് വീട് അന്വേഷിച്ചാണ് യുവതി വയോധികയുടെ വീട്ടിലെത്തുന്നത്. വീട്ടിൽ വയോധിക തനിച്ചുള്ള നേരത്താണ് യുവതി എത്തിയത്. അൽപ്പനേരം ഇരുവരും തമ്മിൽ സംസാരിച്ചു. തുടർന്ന് ഭർത്താവ് അഡ്വാൻസുമായി ഉടൻ എത്തിച്ചേരുമെന്ന് കള്ളംപറഞ്ഞ് യുവതി വയോധികയുടെ അടുത്ത് തന്നെ നിന്നു. ഇതിനിടെ വയോധികയുടെ മകൻ ഉച്ചയൂണിന് എത്തുമെന്ന് മനസിലാക്കിയ യുവതി കുറച്ചു കഴിഞ്ഞ് വരാമെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയി.
ആശങ്കപ്പെടുത്തി സമ്പർക്ക വ്യാപനം; സംസ്ഥാനത്ത് ഇന്ന് 5694 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ
വൈകുന്നേരം വീണ്ടും യുവതി വയോധികയുടെ അടുത്തെത്തി വീട് വാടകയ്ക്ക് തരണം എന്നാവശ്യപ്പെട്ടു. യുവതിയുടെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയ ഇവർ നാളെ മകനുള്ള സമയം നോക്കി വന്നാൽ മതിയെന്ന് പറഞ്ഞു. എന്നാൽ അവിടെ തന്നെ നിന്ന യുവതി അൽപ്പ സമയത്തിന് ശേഷം വീണ്ടും വാതിലിൽ മുട്ടി. വയോധിക വാതിൽ തുറക്കുന്നതിനിടെ യുവതി കയ്യിൽ കരുതിയിരുന്ന മുളകു പൊടി ഇവരുടെ മുഖത്തേക്കെറിഞ്ഞു. എന്നാൽ ആത്മധൈര്യം കൈവിടാതെ വയോധിക ഉറക്കെ ബഹളം വെച്ചു. ഇതുകേട്ട് സമീപ വാസികൾ ഓടിക്കൂടിയതോടെ യുവതി മാല കവരാനുള്ള ശ്രമം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. പ്രദേശത്തെ സി സി ടി വി ക്യാമറാ ദൃശ്യങ്ങളടക്കം പരിശോധിച്ച് വരികയാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക