കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മയ്യഴിപ്പുഴയോരത്ത് കുട്ടികൾക്കും വയോജനങ്ങൾക്കുമായി നിർമിച്ച പാർക്ക് എഴുത്തുകാരൻ എം മുകുന്ദന്റെ നാമത്തിൽ അറിയപ്പെടും. ന്യൂമാഹി പാർക്കിന് കഥാകാരൻ എം മുകുന്ദന്റെ പേരിടാൻ പ്രസിഡന്റ് കെ വി സുമേഷിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു.
മലയാള സാഹിത്യത്തിന് നൽകിയ സംഭാവനകൾക്കുള്ള ആദരമായാണ് ഇത്. പാർക്കിന്റെ ഉദ്ഘാടന വേളയിൽ മന്ത്രി ഇ പി ജയരാജനാണ് എം മുകുന്ദൻ മലയാള സാഹിത്യത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് പാർക്കിന് അദ്ദേഹത്തിന്റെ പേര് നൽകാൻ നിർദേശിച്ചത്.
അഞ്ചുവർഷം പൂർത്തിയാക്കുന്ന ജില്ലാ പഞ്ചായത്തിന്റെ അവസാന യോഗമാണ് ബുധനാഴ്ച നടന്നത്. ജില്ലയുടെ വികസനത്തിനുവേണ്ടി രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് ഒന്നിച്ചുനിൽക്കാൻ കഴിഞ്ഞതിന്റെ സന്തോഷം അംഗങ്ങൾ പങ്കിട്ടു. ജില്ലയുടെ പൊതുവായ വികസനത്തിനുതകുന്ന ക്രിയാത്മകവും മാതൃകാപരവുമായ പദ്ധതികൾ ഈ കാലയളവിൽ നടപ്പാക്കാനായെന്ന് കെ വി സുമേഷ് പറഞ്ഞു.
പുതിയ കാലത്തിന്റെ ആവശ്യങ്ങൾക്കും സാധ്യതകൾക്കും അനുസരിച്ച് സാങ്കേതിക വിദ്യയെ വികസന-ഭരണ പ്രക്രിയയിൽ ഉപയോഗപ്പെടുത്താൻ ജില്ലാ പഞ്ചായത്ത് ശ്രമിച്ചിട്ടുണ്ട്. വികസനത്തിനായി എല്ലാവരെയും കോർത്തിണക്കി ഐക്യത്തോടെ പ്രവർത്തിക്കാൻ കഴിഞ്ഞതാണ് മാതൃകാപരമായ ഒട്ടേറെ പദ്ധതികൾ നടപ്പിലാക്കാൻ സഹായകമായതെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ വൈസ് പ്രസിഡന്റ് പി പി ദിവ്യ, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ പി ജയബാലൻ, വി കെ സുരേഷ്ബാബു, കെ ശോഭ, ടി ടി റംല, സെക്രട്ടറി വി ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി ബിജുവിന്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക