‘മായക്കൊട്ടാരം’ ചിത്രത്തിന്റെ പോസ്റ്റർ ഇന്നലെ റിലീസ് ചെയ്തതു മുതൽ ട്രോളുകളും കമന്റുകളുമായി സോഷ്യൽ മീഡിയ ചർച്ചകൾ പുരോഗമിക്കുകയാണ്. വെള്ള ഷർട്ടും മുണ്ടും ധരിച്ച് നന്മമരം സുരേഷ് കോടാലിപ്പറമ്പൻ എന്ന ചാരിറ്റി പ്രവർത്തകനായാണ് റിയാസ് ഖാൻ പോസ്റ്ററിലുളളത്.
സാമൂഹിക പ്രവർത്തകനായ ഫിറോസ് കുന്നുംപറമ്പിൽ എന്ന വ്യക്തിയെ കളിയാക്കുന്നതും വ്യക്തിപരമായി ആക്ഷേപിക്കുന്നതുമാണ് പോസ്റ്റർ എന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. ‘ഒരു സംഘം തനിക്കെതിരെ പ്രവർത്തിക്കുന്നു.
അവർ ഇപ്പോൾ ഒരു സിനിമയുമായി രംഗത്തെത്തുകയാണ്’, എന്നായിരുന്നു പ്രതികരണമായി ഫിറോസ് കുന്നുംപറമ്പിൽ ഫേസ്ബുക് ലൈവിലൂടെ പറഞ്ഞത്. എന്നാൽ താനൊരു സംഘത്തിലേയും അംഗമല്ലെന്നും ഫിറോസ് കുന്നുംപറമ്പിൽ എന്ന വ്യക്തിയെ തനിക്കറിയില്ലെന്നും മായക്കൊട്ടാരം സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനുമായ ബൈജു പറയുന്നു.
എനിക്ക് ആരെയും ട്രോളി പടമെടുക്കണ്ട, സുരേഷ് കോടാലിപ്പറമ്പൻ എന്നത് എന്റെ ക്യാരക്ടറിന്റെ പേരാണ്. ആ കഥാപാത്രം ഇതുപോലെ ഓൺലൈൻ ചാരിറ്റി ചെയ്യുന്ന ഒരു വ്യക്തിയുമാണ്. അതിനപ്പുറത്തേയ്ക്ക് ഈ പറയുന്ന ആരെയും ഞാൻ ട്രോളുന്നില്ല. കോമഡിയും പ്രണയവും എല്ലാം ഉൾപ്പെടുത്തി വ്യാവസായിക അടിസ്ഥാനത്തിൽ ചെയ്യുന്ന ഒരു സിനിമയാണ് ‘മായക്കൊട്ടാരം’
ഓൺലൈൻ ചാരിറ്റി മാത്രമല്ല, മറ്റൊരു വിഷയത്തെ കുറിച്ചാവും അടുത്ത പോസ്റ്റർ വരിക. നമുക്ക് ചുറ്റുമുളള തട്ടിപ്പുകാരായ ഒരുപാട് ആളുകളെ കുറിച്ചും ഒരുപാട് സംഭവങ്ങളെ കുറിച്ചും കളിയാക്കുന്നുണ്ട് ഈ സിനിമയിലൂടെ. നല്ലത് ചെയ്യുന്ന ആരെയും ഞാൻ ട്രോളിയിട്ടില്ല.ബൈജു പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക