പല്ലശ്ശന : ജനാധിപത്യത്തിന്റെ ജീവശ്വാസമാണ് വോട്ട് എന്നും സമ്മതിദാനം സർവ്വദാനാൽ പ്രധാനമാണെന്നും ഉച്ചൈസ്തരം ഘോഷിച്ച് പല്ലശ്ശന പടിഞ്ഞാറെ അഗ്രഹാരത്തിലെ കുട്ടികളുടെ കൂട്ടായ്മയായ തണൽ മുന്നിട്ടിറങ്ങി.
വോട്ട് ചെയ്യാതിരിക്കുന്ന ഉത്തമ പൗരന്മാരാണ് മോശം ജനപ്രതിനിധികളെ സൃഷ്ടിക്കുന്നതെന്ന് വിളിച്ച് പറയുന്ന നൂറോളം പോസ്റ്ററുകൾ തയ്യാറാക്കി ഡിസംബറിൽ നടക്കാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സമ്മതിദാനം നിർവ്വഹിക്കാൻ പ്രേരിപ്പിച്ചായിരുന്നു തണലിന്റെ നൂതനമായ പരിപാടികൾ.
വെട്ടിനെക്കാളും നോട്ടിനെക്കാളും ശക്തം വോട്ടാണെന്നും ഈ സമ്മതിദാനാവകാശത്തിന് വേണ്ടി നിരവധി ആളുകൾ ജീവത്യാഗം ചെയ്തിട്ടുണ്ടെന്നും ഉദ്ഘോഷിക്കുന്ന പോസ്റ്ററുകൾ തണലിന്റെ കുട്ടിക്കൂട്ടം അഗ്രഹാരത്തിലുടനീളം പതിച്ചു.
വോട്ട് ചെയ്യാതിരിക്കുന്നത് പ്രതിഷേധമല്ല അടിയറവാണെന്നാണ് കുട്ടികൾ ചുവരെഴുത്തിലൂടെ പറഞ്ഞത്.
തുടർന്ന് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരാർത്ഥികളായ കോൺഗ്രസ്സിന്റെ ആർ ഉണ്ണികൃഷ്ണൻ, സി പി ഐ എമ്മിന്റെ കെ അനന്തകൃഷ്ണൻ, പി എസ് പ്രമീള, ബി ജെ പിയുടെ ടി ചക്രപാണി തുടങ്ങിയവർ വോട്ടിന്റെ പ്രാധാന്യം വിളിച്ചോതുന്ന സമ്മേളനത്തിൽ പങ്കെടുത്തു.
കെ ഷാജി കുമാർ അവതാരകനായ ചടങ്ങിൽ രാഷ്ട്രീയം മറന്ന് വോട്ട് ചോദിക്കലുകൾ മറന്ന് മത്സരാർത്ഥികൾ ഇന്നത്തെ സമ്മതിദാനാവകാശം നിർണ്ണയിക്കുന്നതിലെ ശതമാനക്കുറവും വോട്ടിന് വേണ്ടി പുരോഗമന പ്രസ്ഥാനങ്ങൾ നടത്തിയ പോരാട്ടങ്ങളും കുട്ടികൾ ഉണർന്നിരിക്കേണ്ട ആവശ്യകതയെ കുറിച്ചും സംസാരിച്ചു.
സാമൂഹിക അകലം പാലിച്ച് നടത്തിയ സമ്മേളനത്തിന്റെ ചുക്കാൻ പിടിച്ചത് മുഴുവനും കുട്ടികളായിരുന്നു. നിന്റെ വോട്ട് നിന്റെ അവകാശമാണ്, ബുള്ളറ്റിനെക്കാൾ ശക്തമാണ് ബാലറ്റ്, നിന്റെ വോട്ട് നിന്റെ ശബ്ദം എന്ന് തുടങ്ങിയ നിരവധി പോസ്റ്ററുകൾ ഒരോന്നും വായിച്ച് കുട്ടികളെ അഭിനന്ദിച്ചാണ് മത്സരാർത്ഥികൾ മടങ്ങിയത്.
വോട്ടിന്റെ ബോധവൽക്കരണ പരിപാടി മീറ്റ് ദ കാൻഡിഡേറ്റായി മാറാതിരിക്കാൻ മത്സരാർത്ഥികൾ കാണിച്ച ശ്രദ്ധേയമായ ശുഷ്കാന്തി കാഴ്ച്ചക്കാർ അഭിനന്ദിച്ചു.
കൂടുതൽ ജനപങ്കാളിത്തം കൂടുതൽ കരുത്താർന്ന ജനാധിപത്യം എന്ന വിഷയത്തിൽ പി എ ബാലസുബ്രഹ്മണ്യം , വേദ് നിരഞ്ജൻ, ദ്യുതി കെ എസ്, അഭിത സി, ധ്വനി കെ എസ് , അഭിനവ് ആർ, പ്രണവ് പി, പുണ്യ ഉണ്ണികൃഷ്ണൻ, ആദിത്യ എം, സുമി എസ്, ഋഷികേഷ് എം, അമൃത ആർ, വിസ്മയ സുകുമാരൻ, നവനീത് ശിവദാസ്, നിവേദ്യ എസ്, അർഷിത അരവിന്ദാക്ഷൻ, അമൃത ദേവ് , പ്രതിഭ പി, ശ്രീലക്ഷ്മി ശബരീഷ്, അഭിജിത്ത് സി എന്നിവർ സംസാരിച്ചു.
നൂറു കണക്കിന് കാഴ്ച്ചക്കാർക്ക് കുരുന്നുകൾ വോട്ടിനെ കുറിച്ച് ബോധവൽക്കരണം നടത്തിയ കാഴ്ച്ച കൗതുകമായി. വോട്ട് ഈ സെൻസ്, സെൻസിബിളിറ്റി, സെൻസിറ്റിവിറ്റി എന്ന് തുടങ്ങിയ സിനിമാ ഡയലോഗുകളെ ആസ്പദമാക്കിയ മുദ്രാവാക്യങ്ങളും കാഴ്ച്ചക്കാർ ആസ്വദിച്ചു.
വോട്ട് ചെയ്യാതിരിക്കുമ്പോൾ പരാതി പറയാനുള്ള അവകാശം തങ്ങൾക്ക് നഷ്ടമാവുന്നു എന്ന സ്വയം ഓർമ്മപ്പെടുത്തിയാണ് മുതിർന്നവർ കുട്ടികൾക്കിടയിൽ നിന്നും മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക