മധ്യപ്രദേശ് ഗ്വാളിയറില്‍ തലയിലെ ശസ്ത്രക്രിയക്കിടെ കീബോർഡ് വായിച്ച് ഒൻപതുവയസുകാരി . തലച്ചോറിലെ ട്യൂമർ നീക്കം ചെയ്യുന്നതിന് പൂർണ ബോധാവസ്ഥയിലാണ് സൗമ്യ എന്ന പെൺകുട്ടി ശസ്ത്രക്രിയക്ക് വിധേയയായത്.
ഞായറാഴ്ച ഡോക്ടർമാർ തലയില്‍ ശസ്ത്രക്രിയ നടത്തുന്നതിടെ സൗമ്യ കൈവിരലുകൾ കൊണ്ട് കീബോർഡ് വായിക്കുകയായിരുന്നു. ശസ്ത്രക്രിയ കാരണം കൈവിരലുകളുടെ ചലനങ്ങളും കൈകളുടെ പ്രവർത്തനങ്ങളും തകരാറാലികുന്നില്ല എന്ന് ഉറപ്പാക്കുന്നതിനായിരുന്നു ഇത്.
വീഡിയോ കാണാം-
തലച്ചോറിൽ അതി സങ്കീർണമായ ശസ്ത്രക്രിയ വേണ്ടിവരുമെന്നും ഞരമ്പുകൾക്ക് കേടുപാട് വരാൻ സാധ്യതയുണ്ടെന്നും ഡോക്ടർമാർ സൗമ്യയെ ആദ്യം തന്നെ അറിയിച്ചിരുന്നു. ഈ കാരണം കൊണ്ടാണ് പൂർണ ബോധാവസ്ഥയിൽ ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ തീരുമാനിച്ചത്. ശസ്ത്രക്രിയ നടത്തുന്നതിനിടെ കീ ബോർഡ് വായിക്കാനും ഡോക്ടർമാർ സൗമ്യയോട് ആവശ്യപ്പെട്ടു.
”ഞാൻ ആറു മണിക്കൂർ കീ ബോർഡ് വായിച്ചു. മൊബൈൽ ഫോണിൽ ഗെയിമുകളും കളിച്ചു. ഇപ്പോൾ നല്ല ആശ്വാസം തോന്നുന്നു”- ശസ്ത്രക്രിയക്ക് ശേഷം സൗമ്യ പറഞ്ഞു. ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നെങ്കിലും ശസ്ത്രക്രിയ വിജയകരമായെന്ന് ന്യൂറോ സർജൻ അഭിഷേക് ചൗഹാൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക