മലയാള സിനിമയെ ഭരിയ്ക്കുന്നത് പണവും പ്രതാപവും താരമൂല്യവുമാണെന്ന് സംവിധായകൻ വിനയൻ. ഇപ്പോഴും താരങ്ങൾക്കു ഓശാന പാടിയാലേ വളർച്ച ഉണ്ടാകൂ എന്നൊരു തോന്നൽ സിനിമയിൽ സജീവമാണെന്നും അദ്ദേഹം റിപ്പോർട്ടർ ടിവിയുമായുളള അഭിമുഖത്തിൽ പറഞ്ഞു.
ഏത് ജോലിയിലാണെങ്കിലും വ്യക്തിത്വം കൈവിടാതെ മുന്നോട്ടു പോകണം. പണവും പ്രശസ്തിയുമാണ് സന്തോഷത്തിന്റെ താക്കോൽ എന്ന് വിശ്വസിക്കുന്ന ആളല്ല ഞാൻ. പണവും പ്രതാപവും താരമൂല്യവുമാണ് സിനിമയെ ഭരിക്കുന്നത്. താരങ്ങൾക്കു ഓശാന പാടി നിന്നാലേ വളർച്ച ഉണ്ടാകൂ എന്നൊരു തോന്നൽ സിനിമയിൽ സജീവമാണ്. താരങ്ങളെ പൂജിക്കാൻ തയ്യാറല്ലെന്ന് മുപ്പതു വർഷത്തെ സിനിമാജീവിതത്തിനിടെ താൻ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്റേതായ വഴിയിലാണ് ഞാൻ സഞ്ചരിയ്ക്കുന്നത്. ചെറിയ താരങ്ങളെ വെച്ച് സൂപ്പർ ഹിറ്റുകൾ ഉണ്ടാക്കുവാൻ എനിക്ക് സാധിച്ചിട്ടുണ്ട്. മമ്മൂട്ടി അഭിനയിച്ച രാക്ഷസ രാജാവ് എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കവേയാണ് ഊമ പെണ്ണിന് ഉരിയാടാ പയ്യൻ എന്ന സിനിമയ്ക്കായി ജയസൂര്യയുടെ ഫോട്ടോഷൂട്ട് നടക്കുന്നതും. ഒരു സൂപ്പർ താരത്തെ വെച്ച് സിനിമ എടുക്കുന്നതിന് സമാനമായ സന്തോഷമാണ് ഒരു പുതുമുഖത്തെ വെച്ച് സിനിമ ചെയ്യുമ്പോഴും എനിയ്ക്കു ലഭിക്കുന്നത്. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക