ലോകമെമ്പാടും നാശം വിതച്ച കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് തിയേറ്ററുകളുൾപ്പെടെ എല്ലാം അടച്ചിടേണ്ടി വന്നത്. അൺലോക്ക് ഘട്ടം ആരംഭിച്ചതിനാൽ വിവിധ രാജ്യങ്ങളിലും ഇന്ത്യൻ സംസ്ഥാനങ്ങളിലും തിയേറ്ററുകൾ തുറക്കാനുള്ള പദ്ധതിയാണുള്ളത്. രാജ്യത്ത് തിയേറ്ററുകൾ അടച്ചിട്ടതോടെ നിരവധി സിനിമകളാണ് ഓൺലൈൻ പ്ലേറ്റ്ഫോമുകളിലൂടെ റിലീസ് ചെയ്തത്. സൂര്യ നായകനായെത്തിയ തമിഴ് ബിഗ്ബഡ്ജറ്റ് ചിത്രം ‘സുരൈ പോട്ര്’ ഉള്‍പ്പെടെ ആമസോൺ പ്രൈമിലാണ് റിലീസ് ചെയ്തത്. ചിത്രം കണ്ടവരെല്ലാം തിയേറ്ററിൽ നിന്ന് കാണേണ്ട സിനിമയെന്നായിരുന്നു ചിത്രത്തെ വിലയിരുത്തിയതും.
തമിഴിന് പുറമെ മറ്റു സംസ്ഥാനങ്ങളിലെ ആരാധകരും കാത്തിരിക്കുന്ന ചിത്രമാണ് ദളപതി വിജയ് നായകനായെത്തുന്ന ‘മാസ്റ്റർ’. മാസ്റ്ററും ഓൺലൈൻ ആയാണോ റിലീസ് ചെയ്യുകയെന്ന ആശങ്കയിലായിരുന്നു ആരാധകർ. എന്നാൽ, വിജയ്, വിജയ് സേതുപതി, ലോകേഷ് കനകരാജ് എന്നിവരെന്നിക്കുന്ന ‘മാസ്റ്റർ’ തീയറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്ന് വ്യക്തമാക്കുകയാണ് നിർമ്മാതാക്കൾ. എക്സ് ബി ക്രിയേറ്റേഴ്സ് ആണ് സിനിമയുടെ നിർമ്മാണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക