ബ്രിട്ടനിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ, മുൻകരുതലെന്ന നിലയിൽ ഇന്ത്യയിൽനിന്ന് അവിടേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നിർത്തിവച്ചു. ഇന്നു രാത്രി 12 മുതൽ 31നു രാത്രി 12 വരെയാണു നിയന്ത്രണം.
ബ്രിട്ടനിൽനിന്ന് ഇന്ന് എത്തുന്നവരും പിന്നീട് മറ്റു രാജ്യങ്ങൾ വഴിയെത്തുന്നവരും വിമാനത്താവളത്തിൽ കോവിഡ് പരിശോധന നടത്തണം. ഇതിൽ കോവിഡ് സ്ഥിരീകരിക്കുന്നവരെ സർക്കാർ നിരീക്ഷണത്തിലുള്ള ക്വാറന്റീൻ കേന്ദ്രത്തിലേക്കു മാറ്റും.
നെഗറ്റീവാകുന്നവർ 7 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം. സംസ്ഥാന സർക്കാരിന്റെ കർശന മേൽനോട്ടവും വേണമെന്ന് ആരോഗ്യമന്ത്രാലയം നിർദേശിച്ചു. യാത്രക്കാർക്കുള്ള നിർദേശങ്ങൾ വിമാനത്താവളത്തിൽ ലഭ്യമാക്കും. സംസ്ഥാന സർക്കാരുകൾ വിമാനത്താവളങ്ങളിൽ ഹെൽപ് ഡെസ്ക് സജ്ജമാക്കണം.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അടിയന്തര യോഗത്തിലാണു തീരുമാനങ്ങൾ. ആശങ്ക വേണ്ടെന്നും സർക്കാർ ജാഗ്രത പാലിക്കുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ പറഞ്ഞു. കോവിഡ് പ്രതിരോധം ഫലപ്രദമാണ്. യുഎസിലും ബ്രിട്ടനിലും കേസുകൾ വർധിക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽ ഏതാനും ആഴ്ചകളായി കാര്യമായ വർധനയില്ല. എന്നാൽ, തദ്ദേശ തിരഞ്ഞെടുപ്പുകളും ക്രിസ്മസും കണക്കിലെടുത്തു ജാഗ്രതാ മുന്നറിയിപ്പുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പിനെ തുടർന്നുള്ള കോവിഡ് വ്യാപനവും കോവിഡിന്റെ രണ്ടാം വരവും തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ തീരുമാനിക്കാൻ മന്ത്രി കെ.കെ.ശൈലജയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേരും.വൈകിട്ട് ആറിനു ചേരുന്ന യോഗത്തിൽ എല്ലാ ജില്ലാ മെഡിക്കൽ ഓഫിസർമാരും ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.
വൈറസുകളിലെ ജനിതകമാറ്റം സാധാരണമാണ്. യുകെയിൽ കണ്ടെത്തിയ കൊറോണവൈറസ് പുതിയ വകഭേദം ആശങ്കയുയർത്തുന്നത് അതിന്റെ സാംക്രമികശേഷി കൊണ്ടു മാത്രമാണ്. VUI-202012/01 എന്ന പുതിയ വകഭേദത്തിൽ 23 ജനിതകമാറ്റങ്ങളാണു കണ്ടെത്തിയത്. 70 % അധികമാണു സാംക്രമികശേഷി. രോഗതീവ്രതയിലോ ലക്ഷണങ്ങളിലോ വ്യത്യാസമില്ല. ഇപ്പോഴുള്ള വാക്സീനുകൾ പുതിയ വകഭേദത്തിനെതിരെയും ഫലപ്രദമാകുമെന്നു ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ പറഞ്ഞു. യുഎസിലെ നിയുക്ത സർജൻ ജനറലും ഇന്ത്യൻ വംശജനുമായ ഡോ. വിവേക് മൂർത്തിയും ഇക്കാര്യം ആവർത്തിച്ചു.