ദുബായ്: ദുബായില്‍ ഫൈസര്‍-ബയോ എന്‍ടെക് കോവിഡ് വാക്സിന് വിതരണം ഇന്നു മുതല്‍. ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റാണ് ഇക്കാര്യം അറിയിച്ചത്. സൗജന്യമായാണു ദുബായിൽ വാക്സിൻ വിതരണം ചെയ്യുന്നത്.
യുഎഇയിലെ രണ്ടാമത്തെ സൗജന്യ വാക്സിന് വിതരണമാണിത്. നേരത്തെ ചൈനയുടെ സിനോഫാം വാക്സിന് ഡിസംബര്‍ ഒന്‍പതു മുതല്‍ സൗജന്യമായി നല്‍കിയിരുന്നു.
സിനോഫാം വാക്സിന് 86 ശതമാനം ഫലപ്രദമാണെന്നാണ് യുഎഇ അധികൃതരുടെ വിലയിരുത്തല്‍.
ഫൈസറും ജര്‍മന്‍ കമ്ബനിയായ ബയോഎന്‍ടെകും ചേര്‍ന്ന് വികസിപ്പിച്ച വാക്സിന് 21 ദിവസത്തെ ഇടവേളയില്‍ രണ്ട് ഡോസ് എടുത്താല്‍ 95 ശതമാനം ഫലപ്രദമാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നതായി അധികൃതർ പറയുന്നു.
ഫൈസര്‍ വാക്സിനേഷൻ ബ്രിട്ടനില്‍ ആരംഭിച്ചശേഷം വാക്സിനേഷൻ ആരംഭിക്കുന്ന ആദ്യ രാജ്യങ്ങളിലൊന്നാണ് യുഎഇ.ബ്രസല്‍സില്‍നിന്നാണ് ഫൈസര്‍-ബയോ ടെക് വാക്സിന്റെ ആദ്യ ബാച്ച് ദുബായിലെത്തിച്ചത്. എമിറേറ്റ്സിന്റെ പ്രത്യേകം സജ്ജമാക്കിയ സ്കൈ കാര്‍ഗോ വിമാനത്തിലാണു വാക്സിന് കൊണ്ടുവന്നത്.
ബ്രിട്ടനെയും യുഎഇയെയും കൂടാതെ അമേരിക്ക, കാനഡ, സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളും ഫൈസര്‍ വാക്സിന് അനുമതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക