ശരീരം നല്ല ഫിറ്റന്സ് ഒക്കെ ആയിട്ടിരിക്കാൻ പലർക്കും ഇഷ്ടമാണ്. എന്നാൽ വ്യായാമം ചെയ്യുന്നത് തന്നെ പലരും മടിപിടിച്ചാണ്. ഇത് മാറാൻ ചില കിടിലൻ സൂത്രങ്ങളുണ്ട്. വ്യായാമവും വിനോദവും ഒത്തുചേരുന്ന ഒരു നൃത്തവ്യായാമം. അതാണ് , എയ്റോബിക് ഡാൻസ്.
1. എന്താണ് എയ്റോബിക് ഡാൻസ്?
ഒരു സംഘം ആളുകൾ ഒന്നിച്ച് ചടുലതാളമുള്ള സംഗീതത്തിന് അനുസൃതമായി ചുവടുകൾ വയ്ക്കും. ഇതിന് ശ്വസനപ്രക്രിയയുമായി അടുത്ത ബന്ധമുണ്ട്.
2. എയ്റോബിക് ഡാൻസ് ഗുണം?
ഹൃദയത്തിന്റെ പ്രവർത്തനശേഷി മെച്ചപ്പെടുത്തുന്നതിന് വളരെ സഹായകമാണ് എയ്റോബിക്സ്. ശരീരം നന്നായി ഫിറ്റ് ആകുന്നു. അമിതകൊഴുപ്പ് നീക്കി ശരീരത്തിന്റെ ഭാരം കുറയ്ക്കുന്നു. ശരീരം വഴക്കവും ഊർജസ്വലതയുള്ളതുമാക്കുന്നു. പേശികൾക്കു നല്ല ഉറപ്പു നൽകുന്നു. കൊളസ്ട്രോൾ കുറയ്ക്കുന്നു. എച്ച് ഡി എൽ എന്ന നല്ല കൊളസ്ട്രോൾ വർധിപ്പിക്കുന്നു. രക്തസമ്മർദത്തെ നിയന്ത്രിക്കുന്നു. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം മെച്ചപ്പെടുത്തുന്നു. ശ്വസനം സുഗമമാക്കുന്നു. മനസിന് ഏറെ ഉന്മേഷം നൽകുന്നു. ദിവസം മുഴുവൻ ഊർജസ്വലത പകരുന്നു. ടെൻഷൻ, വിഷാദം എന്നിവയെ മാറ്റുന്നു.
3. ഇത് എങ്ങനെ ഒരു നൃത്തവ്യായാമം ആകും?
സംഗീതവുമായി ഏറെ ബന്ധമുള്ള വ്യായാമമാണിത്. ബീറ്റുകൾ അതവാ താളത്തെ അടിസ്ഥാനമാക്കിയേ നൃത്തം ചെയ്യാനാകൂ. ഓരോതരം എയ്റോബിക് ഡാൻസിനും വ്യത്യസ്ത ബീറ്റുകളാണ്. ഒരു മിനിറ്റിൽ നിശ്ചിത ബീറ്റുകൾക്കനുസരിച്ചാണ് ഡാൻസ് ചുവടുകൾ ക്രമീകരിച്ചിട്ടുള്ളത്.
4. എത്രസമയം എയ്റോബിക്സ് ഡാൻസ് ചെയ്യണം?
ഒരു മണിക്കൂർ സമയമാണ് എയ്റോബിക് ഡാൻസിനായി ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആദ്യത്തെ അഞ്ചു മുതൽ പത്തു മിനിറ്റ് സമയം വാം അപ്പും സ്ട്രെച്ചിങും ചെയ്യും. 20 മിനിറ്റു മുതൽ 40 മിനിറ്റ് ഡാൻസിനുള്ള സമയമാണ്. അഞ്ചു മിനിറ്റ് നീളുന്ന കൂൾ ഡൗൺ സെഷൻ. പിന്നീട് സ്ട്രെച്ചിങ് ചെയ്ത് ഡാൻസ് നിർത്തുന്നു. കൂൾഡൗൺ ചെയ്യുന്നതിനു മുമ്പ് നിശ്ചിത ഇടവേളകളിൽ തീവ്രത വ്യത്യാസപ്പെടുത്തിക്കൊണ്ട് ഇന്റർവെൽ ട്രെയിനിങ് ചെയ്യാവുന്നതാണ്.
5. ദിവസവും ചെയ്യണോ?
ആഴ്ചയിൽ മൂന്നു മുതൽ അഞ്ചുദിവസം വരെ എയ്റോബിക് ഡാൻസ് ചെയ്യണം. രാവിലെ ചെയ്യുന്നതാണ് അഭികാമ്യം. കൂടുതൽ ഊർജസ്വലതയോടെ നൃത്തം ചെയ്യാനാകും. വൈകുന്നേരം ചെയ്യുന്നതിനും കുഴപ്പമില്ല. പ്രധാന ആഹാരം കഴിക്കുന്നതിനു മുമ്പ് വ്യായാമം ചെയ്യുന്നതാണ് നല്ലത്.
6. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ എയ്റോബിക്സ് ചെയ്യുമ്പോൾ എന്ത് ശ്രദ്ധിക്കണം?
വണ്ണം കുറയ്ക്കാനുള്ളവർ ആഴ്ചയിൽ അഞ്ചുദിവസവും ഡാൻസ് ചെയ്യണം.എയ്റോബിക് ഡാൻസ് ചെയ്യുന്നതിനു മുമ്പ് ആരോഗ്യനില ശ്രദ്ധിക്കണം. ഡാൻസിനിടെ തലകറക്കം, അമിതമായി കിതയ്ക്കൽ എന്നീ പ്രശ്നങ്ങൾ ഉണ്ടായാൽ ഡാൻസ് നിർത്തണം.
7. ഡോക്ടറുടെ നിർദ്ദേശ തേടേണ്ടവർ ആരൊക്കെ?
പ്രായമായവർ, ഹൃദയശസ്ത്രക്രിയ കഴിഞ്ഞവർ, ഹൃദ്രോഗികൾ, ശ്വാസകോശപ്രശ്നങ്ങളുള്ളവർ, നടുവിനും കാൽമുട്ടിനും വേദനയും പ്രശ്നങ്ങളുമുള്ളവർ എന്നിവരെല്ലാം വ്യായാമം തുടങ്ങും മുമ്പ് ഡോക്ടറുടെ നിർദേശം തേടണം.
8. വീട്ടിൽ ചെയ്യാമോ?
ഫിറ്റ്നെസ് സെന്ററിൽ പോകാനുള്ള സൗകര്യം ഇല്ലാത്തവർക്ക് വീട്ടിലും ചെയ്യാം. എയ്റോബിക് ഡാൻസ് പരിശീലിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കണ്ടുകൊണ്ട് ചെയ്താൽ കൂടുതൽ നല്ലത്. കൃത്യമായ ചുവടുകൾ ചെയ്യാൻ ഇതു സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക