വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരം പിടിക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ്. ബി.ജെ.പി പത്തില്‍ കൂടുതല്‍ സീറ്റുകളില്‍ വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പി. കെ കൃഷ്ണദാസ് പറഞ്ഞു. മാതൃഭൂമി ന്യൂസിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
’10 സീറ്റല്ല അതിലുമപ്പുറമാണ് ഞങ്ങളുടെ സങ്കല്പം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തന്നെ 25,000ന് മുകളില്‍ വോട്ടുകള്‍ ലഭിച്ച നിരവധി മണ്ഡലങ്ങളുണ്ട്. ഇത്തരത്തില്‍ 70 മണ്ഡലങ്ങളുണ്ട്. കേരളത്തില്‍ ആകമാനം വലിയ മാറ്റമുണ്ടാകുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്,’ പി.കെ കൃഷ്ണദാസ് പറഞ്ഞു.
70ന് മുകളില്‍ സീറ്റുകള്‍ എന്നതുതന്നെയാണ് ലക്ഷ്യം. കേവലം കുറച്ചു സീറ്റുകളില്‍ വിജയിക്കുക എന്നതല്ല, ബഹുഭൂരിപക്ഷം സീറ്റുകളിലും വിജയിച്ച് അധികാരത്തിലെത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഞങ്ങള്‍ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
വരുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പത്ത് സീറ്റുകളില്‍ കൂടുതല്‍ വിജയിക്കാന്‍ സാധ്യതയുണ്ടെന്ന് പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്നും വരുന്ന വിവരങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു പി. കെ കൃഷ്ണദാസിന്റെ മറുപടി.
ബി.ജെ.പിയില്‍ മുരളീധര പക്ഷം കൃഷ്ണദാസ് പക്ഷം എന്നിങ്ങനെ വ്യത്യസ്ത പക്ഷങ്ങളില്ലെന്നും ബി.ജെ.പി പക്ഷം മാത്രമേയുള്ളു എന്നും അദ്ദേഹം പറഞ്ഞു.
നേമത്ത് കുമ്മനം മത്സരിക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹം സമുന്നതനായ നേതാവാണെന്നും മത്സരിക്കുന്ന കാര്യങ്ങള്‍ പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക