സുരേഷ് ഗോപി നായകനാകുന്ന ‘ഒറ്റക്കൊമ്പന്’ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നു. നിര്‍മ്മാതാവ് ടോമിച്ചന് മുളകുപാടം ആണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഷൂട്ടിംഗ് ഉടന്‍ തുടങ്ങുമെന്ന് നിര്‍മ്മാതാവ് ഫെയ്സ്ബുക്കില്‍ കുറിച്ചു. നവാഗതനായ മാത്യൂസ് തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
”തിയേറ്ററുകള്‍ വീണ്ടും തുറന്ന, ഇന്‍ഡസ്ട്രിക്ക് അതിന്റെ ജീവശ്വാസം തിരികെ ലഭിച്ച സന്ദര്‍ഭത്തില്‍ സുരേഷ് ഗോപി നായകനാവുന്ന എന്റെ സ്വപ്ന പദ്ധതി ഒറ്റക്കൊമ്പന് ആരംഭിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി അറിയിക്കുന്നു. ദൈവാനുഗ്രഹത്താല്‍ സിനിമയുടെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും” എന്നാണ് ടൊമിച്ചന്‍ മുളകുപാടം കുറിച്ചിരിക്കുന്നത്.
പാലാ, കൊച്ചി, മംഗളൂരു, മലേഷ്യ എന്നീ ലൊക്കേഷനുകളിലായാണ് ഒറ്റക്കൊമ്പന്റെ ചിത്രീകരണം നടക്കുക. 25 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ബോളിവുഡ് താരങ്ങളാണ് നായികയും വില്ലനും എന്നാണ് സംവിധായകന് മനോരമയുടെ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
മുകേഷ്, വിജയരാഘവന്, രഞ്ജി പണിക്കര്‍, ജോണി ആന്റണി, സുധി കോപ്പ, കെപിഎസി ലളിത എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഏറെ വിവാദങ്ങള്‍ മറികടന്നാണ് ഒറ്റക്കൊമ്പന് ആരംഭിക്കുന്നത്. സുരേഷ് ഗോപിയുടെ 250ാം ചിത്രം എന്ന പേരില്‍ ടീസര്‍ എത്തിയതോടെയാണ് ഷാജി കൈലാസ് ചിത്രം കടുവയുമായുള്ള സാമ്യമുണ്ടെന്ന ആരോപണം ഉയര്‍ന്നത്. കോടതി സിനിമ സ്റ്റേ ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക